06:27pm 06 November 2026
NEWS
ഗാസ സമാധാന സമിതി: ഐക്യരാഷ്ട്ര സംഘടനയെ തകർക്കാൻ ട്രംപിന്റെ പുതിയ ബദൽ പണിപ്പുരയിൽ
15/02/2026  10:30 AM IST
കല്ലമ്പലം അൻസാരി
ഗാസ സമാധാന സമിതി: ഐക്യരാഷ്ട്ര സംഘടനയെ തകർക്കാൻ ട്രംപിന്റെ പുതിയ ബദൽ പണിപ്പുരയിൽ

ഗാസയിൽ ഇസ്രായേലും, ഹമാസും തമ്മിൽ നടന്ന രൂക്ഷമായ ഏറ്റുമുട്ടൽ അവസാനിപ്പിച്ചുകൊണ്ട് ഒപ്പിട്ട സമാധാന കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്നായിരുന്നു രാജ്യാന്തര ഗാസ സമാധാന സമിതി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈ എടുത്ത് നടപ്പിലാക്കിയ വെടിനിർത്തലിൽ അദ്ദേഹത്തിന്റെ മസ്തിഷ്‌ക്കത്തിൽ വിരിഞ്ഞ ആശയമായിരുന്നു ഇത്. സമാധാന ഉടമ്പടിയിലെ പ്രധാന കക്ഷിയായ ഇസ്രായേലിന്റെ കൂടി ആശീർവാദം ഈ ആശയത്തിന് ഉണ്ടായിരുന്നു. പാലസ്തീൻ ജനതയെ പ്രതിനിധാനം ചെയ്യുന്ന പ്രധാന വിഭാഗങ്ങളായ പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനോ, ഹമാസിനോ ഒന്നും പ്രാതിനിധ്യമില്ലാത്ത ഒരു ഭരണസമിതി കൂടിയാണ് ഗാസ സമാധാന സമിതി. ഗാസയുടെ കാര്യത്തിൽ മാത്രം ഒതുങ്ങുമെന്ന് കരുതിയ ട്രംപിന്റെ ഈ സമാധാന സമിതി ഇപ്പോൾ ആഗോള വിഷയങ്ങളിൽ ഐക്യരാഷ്ട്ര സംഘടനയ്ക്ക് ബദലായി വളർത്തിയെടുക്കാനുള്ള പുറപ്പാടിലാണ് ട്രംപ്.

ഗാസ വെടിനിർത്തൽ കരാറിന്റെ ഏറ്റവും സുപ്രധാനമായ വ്യവസ്ഥയായിരുന്നു രാജ്യാന്തര ഗാസ സമാധാന സമിതി. ഇസ്രായേൽ ഗാസയിൽ നിന്ന് വിട്ടുപോയതിനുശേഷം ആ പ്രദേശത്തിന്റെ ഭരണവും, വികസനവും ഉറപ്പാക്കാനാണ് ഈ സമിതി. ഇസ്രായേലിന്റെ പ്രധാന എതിരാളിയായ ഹമാസിനെ ഒഴിവാക്കിക്കൊണ്ടുള്ള ഈ പദ്ധതിക്ക് ഹമാസും പച്ചക്കൊടി കാണിച്ചതാണ്. സമാധാന സമിതിയുടെ തലവൻ ഡൊണാൾഡ് ട്രംപ് തന്നെയാണ്. ട്രംപ് തലവനായ എക്‌സിക്യൂട്ടീവ് ബോർഡിൽ അന്തർദേശീയ പ്രസിദ്ധിയുള്ള ഉന്നത നേതാക്കന്മാരെയും ഉൾപ്പെടുത്തും. അങ്ങനെയുള്ള ബോർഡ് മെമ്പർമാരിൽ ഒരാളാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ടോണിബ്ലെയർ. ലേബർ പാർട്ടി നേതാവായിരുന്ന ബ്ലയർ 1997 മുതൽ 2007 വരെ രണ്ടുതവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. 2003 ൽ ബ്ലയറിന്റെ കാലത്താണ് ഇറാക്ക് യുദ്ധം നടക്കുന്നതും, സദ്ദാം ഹുസൈന അധികാരത്തിൽ നിന്ന് പുറത്താക്കുന്നതും. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് എക്‌സിക്യുട്ടീവ് ബോർഡിലെ മറ്റൊരംഗം. ഹമാസിന്റെ കട്ടയ്ക്കുള്ള ഒരു എതിരാളിയാണ് റൂബിയോ. മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് ആണ് സമിതിയിലെ വേറൊരു അംഗം. റഷ്യ, യുക്രൈൻ യുദ്ധത്തിൽ സമാധാന ചർച്ചകൾക്ക് നേതൃത്വം കൊടുത്തുകൊണ്ടിക്കുന്ന വ്യക്തിയാണ് വിറ്റ്‌കോഫ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഇദ്ദേഹത്തിന് നല്ല സൗഹൃദമുണ്ട്.
‌
പ്രസിഡന്റ് ട്രംപിന്റെ മരുമകനായ ജേർഡ് കുഷ്‌നർ ആണ് സമിതിയിലെ നാലാമത്തെ അംഗം. ഗാസ യുദ്ധത്തിൽ നിരവധി തവണ മധ്യസ്ഥം വഹിച്ച ആളാണ് കുഷ്‌നർ. ഗാസയുടെ സുന്ദരമായ കടൽത്തീരങ്ങൾ അന്താരാഷ്ട്ര മേന്മയുള്ള സുഖവാസ കേന്ദ്രങ്ങളായി വികസിപ്പിക്കാമെന്ന് ട്രംപിന് ഐഡിയ കൊടുത്തത് കുഷ്‌നർ ആണ്. അമേരിക്കൻ ശതകോടീശ്വരനും, അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റിന്റെ സി.ഇ.ഒയുമായ മാർക് റവാൻ ആണ് ബോർഡ് ഓഫ് പീസിലെ മറ്റൊരു അംഗം. ട്രംപിന്റെ മന്ത്രിസഭയിൽ അമേരിക്കൻ സാമ്പത്തികവകുപ്പിന്റെ ചുമതല ലഭിക്കുമെന്ന് കരുതിയിരുന്ന ആളുകൂടിയാണ് റവാൻ. ഇൻഡ്യൻ വംശജനും വേൾഡ് ബാങ്കിന്റെ പ്രസിഡന്റ് കൂടിയായ അജയ് ബംഗാ ആണ് ഡയറക്ടർ ബോർഡിലെ നിർദ്ദേശിക്കപ്പെട്ട മറ്റൊരു അംഗം. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഉപദേശകനായിരുന്നു ബംഗാ. 1959 ൽ ഇൻഡ്യയിൽ ജനിച്ച ബംഗാ 2007 ലാണ് അമേരിക്കൻ പൗരത്വം സ്വീകരിക്കുന്നത്. 2023 ൽ വേൾഡ് ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ പ്രസിഡന്റ് ജോ ബൈഡനാണ് ബംഗായുടെ പേര് നിർദ്ദേശിച്ചത്. അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി അഡ്‌വൈസർ ആയ റോബർട്ട് ഗബ്രിയേൽ ആണ് സമാധാന സമിതിയിലെ അവസാനത്തെ അംഗം. ട്രംപിന്റെ ആദ്യടേമിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വേണ്ടി രംഗത്തിറങ്ങിയ ആളാണ് ഗബ്രിയേൽ.

ഇന്റർനാഷണൽ ഗാസ സമാധാന സമിതിയുടെ കീഴിൽ ഗാസയുടെ പുനർനിർമ്മാണത്തിനായി സാങ്കേതികവിദഗ്ദ്ധരുടെ മറ്റൊരു സമിതിയുമുണ്ട്. പതിനഞ്ച് അംഗങ്ങളുള്ള ഈ പ്രത്യേക സമിതിയാണ് ഗാസയുടെ ദൈനംദിന പ്രവർത്തനങ്ങളും, പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പാക്കുക. ഈ സമിതിയുടെ തലവനായി നിയമിച്ചിരിക്കുന്നത് ബൾഗേറിയൻ രാഷ്ട്രീയ നേതാവായ നിക്കോളയ് മെഡ്‌നോനിനെയാണ്. ഇതിലെ മറ്റ് അംഗങ്ങളുടെ പേര് വിവരങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പാലസ്തീൻ ജനങ്ങളെ പ്രതിനിധീകരിക്കുന്ന തദ്ദേശീയരായ ആളുകൾ കൂടി ഈ ഭരണസമിതിയിൽ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടമാണ് സമാധാന സമിതിയുടെ രൂപീകരണവും, ഗാസയുടെ ഭരണകൈമാറ്റവും. അതിന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് വരുന്നതേയുള്ളൂ.

ഗാസയിൽ ശാശ്വത സമാധാനം നിലനിർത്താനും അതിന്റെ പുനർനിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും ട്രംപ് പ്രഖ്യാപിച്ച ഇന്റർനാഷണൽ സമാധാന സമിതിക്ക് നേരെ ഒറ്റപ്പെട്ട അപശബ്ദങ്ങളുണ്ടായെങ്കിലും, വ്യാപകമായി ആ നിർദ്ദേശം അംഗീകരിക്കപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗൺസിലും ഈ പദ്ധതിയെ അനുകൂലിച്ച് പ്രമേയം പാസ്സാക്കിയിരുന്നു. ഗാസയിൽ സമാധാനം നിലനിർത്താനായി രൂപീകരിക്കുന്ന ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്‌സിൽ (ഐ.എസ്.എഫ്) അംഗങ്ങളാകാൻ നിരവധി രാജ്യങ്ങൾ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഇന്റർനാഷണൽ ഗാസ സമാധാന സമിതി എന്ന പേരിൽ ട്രംപ് രൂപീകരിച്ചിരിക്കുന്ന ബോർഡ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് ബദലായി കെട്ടിപ്പടുക്കാനുള്ള ഒരു ഉദ്യമമാണെന്ന സംശയം ബലപ്പെട്ടുവരികയാണ് ഇപ്പോൾ.

ഗാസ സമാധാന സമിതി എന്ന പേരിൽ തന്നെ ചില വ്യത്യാസങ്ങൾ വരുത്തിയാണ് ട്രംപ് ഇപ്പോൾ അവതരിപ്പിക്കുന്ന ഇന്റർനാഷണൽ സമാധാന സമിതി എന്ന നിലയിലേക്ക് ഇതിന്റെ വിളിപ്പേർ മാറിയിട്ടുണ്ട്. ലോകത്തിലെ ശക്തരായ രാജ്യങ്ങളെ ഈ സമിതിയിൽ അംഗമാക്കാൻ ട്രംപ് തന്നെ നേരിട്ട് ക്ഷണിച്ചുകഴിഞ്ഞു. ഇസ്രായേലും അമേരിക്കയും അംഗങ്ങളായി നടത്തിയ സമിതിയിൽ പ്രമുഖ രാജ്യങ്ങളായ യു.എ.ഇ, ബഹ്‌റൈൻ, അൽബേനിയ, അർമേനിയ, അസർബജാൻ, സെലാറുസ്, ഹംഗറി, കസാക്കിസ്ഥാൻ, മൊറൊക്കോ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങൾ പിന്നീട് ഒപ്പുവച്ചു. ഈയിടെ മറ്റ് ഏഴ് രാജ്യങ്ങൾ കൂടി ഈ സമാധാന സമിതിയിൽ അംഗത്വം നേടുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. സൗദി അറേബ്യ, ടർക്കി, ഈജിപ്റ്റ്, ജോർഡാൻ, ഇൻഡോനേഷ്യ, പാകിസ്ഥാൻ, ഖത്തർ എന്നിവയാണ് ആ രാജ്യങ്ങൽ. ട്രംപിന്റെ ക്ഷണം ലഭിച്ച റഷ്യ സമിതിയിൽ അംഗമാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും പുടിൻ അത് സ്ഥിരീകരിച്ചിട്ടില്ല. ട്രംപിന്റെ ഇൻവിറ്റേഷൻ പരിഗണിക്കുന്നതേ ഉള്ളൂവെന്നാണ് പുടിൻ പറഞ്ഞത്.

സമാധാന സമിതിയിൽ ചേരാൻ രാജ്യങ്ങൾക്ക് അയച്ച ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കരട് രേഖയിൽ പറഞ്ഞിരിക്കുന്ന ഒരു വ്യവസ്ഥ പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു. സമിതിയിൽ സ്ഥിരാംഗത്വം നേടാൻ നൂറുകോടി ഡോളർ ഓരോ രാജ്യവും കെട്ടിവയ്ക്കണമെന്ന് രേഖ നിർദ്ദേശിക്കുന്നു. ഗാസ സമാധാന സമിതിയിൽ സ്ഥിരാംഗത്വം എന്നൊരു പദവി എന്തിനാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഈ വ്യവസ്ഥ തന്നെയാണ് ഐക്യരാഷ്ട്ര സഭയെ അട്ടിമറിക്കാനുള്ള ഒരു പുതിയ ആഗോള കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുക്കാനുള്ള പുറപ്പാടിലാണ് ട്രംപ് എന്ന് സംശയിക്കുന്നതിന്റെ കാരണം. ഈ സംശയം നിലനിൽക്കുന്നതുകൊണ്ടാണ് സുപ്രധാന യൂറോപ്യൻ ശക്തികളായ ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ ട്രംപിന് കൈകൊടുക്കാത്തത്. ഇൻഡ്യയെയും ട്രംപ് ക്ഷണിച്ചെങ്കിലും ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. ട്രംപിന്റെ പ്രീതി പിടിച്ചുപറ്റാനും, സൗദി അറേബ്യയുടെ സമ്മർദ്ദത്തിന് വഴങ്ങാനുമാണ് പാകിസ്ഥാൻ ചാടിവീണ് സമിതിയിൽ ചേർന്നിരിക്കുന്നത്. എന്നാൽ ചേർന്നിരിക്കുന്ന ഒരു രാജ്യത്തിന്റെയും സ്ഥിരാംഗത്വത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല.

ആദ്യതവണ അമേരിക്കയിൽ അധികാരത്തിൽ വന്നപ്പോൾതന്നെ ഐക്യരാഷ്ട്ര സംഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമം ട്രംപ് തുടങ്ങിവച്ചിരുന്നു. യു.എന്നിന്റെ പല മാൻഡേറ്റുകളെയും ട്രംപ് വകവച്ചില്ല. ഇപ്പോൾ അധികാരത്തിൽ വന്നപ്പോൾ ഉടൻതന്നെ യു.എന്നിന്റെ കീഴിലുള്ള വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിൽ  നിന്ന് അമേരിക്കയെ പിൻവലിച്ചു. ഒപ്പം തന്നെ യു.എന്നിന്റെ പാരീസ് കാലാവസ്ഥ കരാറിൽ നിന്നും ട്രംപ് പിൻമാറി. പാലസ്തീൻ പ്രസിഡന്റ് ഉൾപ്പെടെ പലരേയും യു.എന്നിന്റെ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന് അമേരിക്കയിലേക്ക് കടക്കുന്നതിൽ നിന്ന് ട്രംപ് വിലക്കി. ഇപ്പോൾ ഗാസ സമാധാന സമിതിയുടെ പേരിൽ ട്രംപ് കൊണ്ടുവന്നിരിക്കുന്ന കൂട്ടായ്മ ഗാസയിലെ പ്രശ്‌നങ്ങളിൽ മാത്രമല്ല ആഗോള തലത്തിൽ തന്നെ മറ്റിടങ്ങളിലും ഇടപെടുമെന്ന തോന്നലാണ് ഉളവാക്കിയിരിക്കുന്നത്. യഥാർത്ഥത്തിൽ ട്രംപിന്റെ ഉദ്ദേശ്യവും അതുതന്നെ. അങ്ങനെ മഹാശക്തിയായ അമേരിക്ക ഐക്യരാഷ്ട്ര സംഘടനയെ നോക്കുകുത്തിയാക്കി മറ്റൊരു കൂട്ടായ്മയുമായി രംഗത്തുവന്നാൽ അത് യു.എന്നിന്റെ അടിത്തറ തന്നെ ഇളക്കുമെന്നത് വ്യക്തമാണ്. ട്രംപ് തന്റേതായ ഭാവനയിലെ ഒരു ലോകക്രമത്തിന്റെ പണിപ്പുരയിലാണ്. ഇടംവലം നോക്കാതെയുള്ള യുദ്ധങ്ങളും, മറ്റ് രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ അന്താരാഷ്ട്ര തത്വങ്ങൾ പാലിക്കാതെയുള്ള ഇടപെടലുകളും, യുദ്ധസമ്മർദ്ദവും അധിനിവേശ ഭീഷണിയും ഒക്കെ ട്രംപിന്റെ പുതിയ ലോകക്രമത്തിന്റെ അടിസ്ഥാന ആയുധങ്ങളാണ്. ഇന്റർനാഷണൽ സമാധാന സമിതിയും ഇതിൽ കൂടി കൂട്ടിവച്ച് നമുക്ക് വായിക്കാം.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img