
ദോഹ: ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശം തള്ളിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും, പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. യുദ്ധം തുടങ്ങി 64-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി ട്രംപിന്റെ പ്രസ്താവന വരുന്നത്.പാകിസ്ഥാൻ വഴി കൈമാറിയ ഇറാന്റെ സമാധാന നിർദ്ദേശങ്ങളിൽ അമേരിക്കയ്ക്ക് അതൃപ്തിയുണ്ട്. പെട്ടെന്നുള്ള ഒരു വെടിനിർത്തലിന് പകരം ദീർഘകാല സുരക്ഷയാണ് ട്രംപ് ലക്ഷ്യമിടുന്നത്.ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകൾ ഇറാന് ഫീസ് നൽകിയാൽ ആ കപ്പലുകൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് വാഷിംഗ്ടൺ മുന്നറിയിപ്പ് നൽകി. ഇറാനിലേക്കുള്ള സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിന്റെ ഭാഗമായാണിത്.മിഡിൽ ഈസ്റ്റിലുണ്ടായിരുന്ന 'യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്' വിമാനവാഹിനിക്കപ്പൽ മടങ്ങിയെങ്കിലും 20 ഓളം യുദ്ധക്കപ്പലുകൾ ഇപ്പോഴും മേഖലയിൽ തുടരുന്നുണ്ട്.മേഖലയിലെ പ്രതിരോധം ശക്തമാക്കുന്നതിനായി ഖത്തർ, കുവൈറ്റ്, യുഎഇ, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്ക് 8.6 ബില്യൺ ഡോളറിന്റെ സൈനിക വിൽപനയ്ക്ക് അമേരിക്ക അനുമതി നൽകി.ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി സാമ്പത്തിക യുദ്ധത്തിന് സജ്ജരാകാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. അതിനിടെ, വടക്കുപടിഞ്ഞാറൻ സഞ്ജാൻ പ്രവിശ്യയിൽ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ 14 ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയിൽ നടത്തിയ ഒരു പുതിയ പോളിംഗ് അനുസരിച്ച്, 61 ശതമാനം ജനങ്ങളും ട്രംപ് ഇറാനെതിരെ സൈനിക നീക്കം നടത്തിയത് തെറ്റാണെന്ന് വിശ്വസിക്കുന്നു. മേഖലയിൽ സംഘർഷം അയവില്ലാതെ തുടരുന്നത് ആഗോളതലത്തിൽ ആശങ്ക പടർത്തുകയാണ്.










