06:36am 13 November 2026
NEWS
ഇറാൻ യുദ്ധത്തിൽ ട്രംപ്–നെതന്യാഹു ഭിന്നത രൂക്ഷമാകുന്നു; ഇരുനേതാക്കളും തമ്മിൽ രൂക്ഷമായ വാക്കേറ്റമെന്ന് റിപ്പോർട്ട്
13/11/2026  06:02 AM IST
nila
ഇറാൻ യുദ്ധത്തിൽ ട്രംപ്–നെതന്യാഹു ഭിന്നത രൂക്ഷമാകുന്നു; ഇരുനേതാക്കളും തമ്മിൽ രൂക്ഷമായ വാക്കേറ്റമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധനീക്കങ്ങളെച്ചൊല്ലി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതായി റിപ്പോർട്ട്. നയതന്ത്ര ചർച്ചകളിലൂടെ ഇറാൻ പ്രശ്നത്തിന് പരിഹാരം കാണാൻ ഒരു അവസരം കൂടി നൽകണമെന്നാണ് ട്രംപിന്റെ നിലപാട്. എന്നാൽ ഇറാനെതിരായ സൈനിക നീക്കം പുനരാരംഭിക്കണമെന്നും രാജ്യത്ത് ഭരണമാറ്റം ഉറപ്പാക്കണമെന്നുമാണ് നെതന്യാഹുവിന്റെ ആവശ്യം. ഇതോടെ ഇരുനേതാക്കളും തമ്മിലുള്ള ബന്ധത്തിലും വിള്ളലുണ്ടാകുന്നതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇസ്രയേലിൽ നടന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം സഖ്യസർക്കാർ രൂപീകരിക്കുന്നതിലേക്ക് നീങ്ങുന്നതിനിടെ, അധികാരം നഷ്ടപ്പെടുമെന്ന ആശങ്കയാണ് നെതന്യാഹുവിനെ കൂടുതൽ സമ്മർദതന്ത്രങ്ങളിലേക്ക് നയിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ഇറാനെതിരായ കടുത്ത സൈനിക നടപടികൾക്കായി യുഎസിനുമേൽ സമ്മർദം ശക്തമാക്കുകയാണ് നെതന്യാഹു.

ഇറാനെതിരായ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ വാരാന്ത്യത്തിൽ ട്രംപും നെതന്യാഹുവും നടത്തിയ ഫോൺ സംഭാഷണം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചതായാണ് ഇസ്രയേലി മാധ്യമമായ വൈനെറ്റ് റിപ്പോർട്ട് ചെയ്തത്. ഇരുവരും പരസ്പരം രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും സംഭാഷണത്തിനിടെ പ്രകോപിതരാകുകയും ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ വൈനെറ്റിന്റെ വാർത്ത നെതന്യാഹുവിന്റെ ഓഫിസ് നിഷേധിച്ചു. റിപ്പോർട്ടിലെ വിവരങ്ങൾ അസംബന്ധവും വ്യാജവുമാണെന്നായിരുന്നു ഔദ്യോഗിക പ്രതികരണം. ട്രംപും നെതന്യാഹുവും ഫോണിൽ സംസാരിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച മറ്റൊരു മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥനും സംഭാഷണം രൂക്ഷമായിരുന്നുവെന്ന വാദം തള്ളി.

ഇറാൻ വിഷയത്തിൽ ഇരുനേതാക്കളും തമ്മിൽ നേരത്തെയും അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. കഴിഞ്ഞ ജൂണിൽ ഭിന്നത രൂക്ഷമായതിനെത്തുടർന്ന് നെതന്യാഹുവിനെ താൻ 'ഭ്രാന്തൻ' എന്ന് വിശേഷിപ്പിച്ചിരുന്നതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img