
അമേരിക്കയിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ഇലോൺ മസ്‌കിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് ഒരു മൂന്നാംകക്ഷിക്ക് ഇടമില്ലെന്ന് മുന്നേതന്നെ തെളിയിക്കപ്പെട്ടതാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. പുതിയ പാർട്ടി കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് പറഞ്ഞ ട്രംപ്, മസ്‌കിന്റെ തീരുമാനത്തെ പരിഹാസ്യം എന്നാണ് വിശേഷിപ്പിച്ചത്.
'അമേരിക്കയിൽ മൂന്നാമതൊരു രാഷ്ട്രീയ പാർട്ടി തുടങ്ങുന്നത് പരിഹാസ്യമാണ്. മൂന്നാം കക്ഷി തുടങ്ങുന്നത് ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു. അദ്ദേഹത്തിന് അത് നന്നായി ആസ്വദിക്കാം. പക്ഷേ, അത് പരിഹാസ്യമാണെന്ന് ഞാൻ കരുതുന്നു. മൂന്നാം കക്ഷികൾ ഒരിക്കലും വിജയിച്ചിട്ടില്ല.' ട്രംപ് കൂട്ടിച്ചേർത്തു.
'കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഇലോൺ മസ്‌ക് പൂർണ്ണമായും വഴി തെറ്റിപ്പോയിരിക്കുന്നതിൽ ദുഃഖം തോന്നുന്നു. അമേരിക്കയിൽ അത് ഒരിക്കലും വിജയിച്ചിട്ടില്ലെന്ന വസ്തുത ഉണ്ടായിരുന്നിട്ടും, ഒരു മൂന്നാം രാഷ്ട്രീയ പാർട്ടികൂടി തുടങ്ങാൻ അദ്ദേഹം ആഗ്രഹിക്കുന്നു - അമേരിക്കയിലെ സംവിധാനങ്ങൾ അവർക്കായി രൂപകൽപ്പന ചെയ്തതല്ലെന്ന് തോന്നുന്നു. പൂർണ്ണമായ തടസ്സവും അരാജകത്വവും സൃഷ്ടിക്കുക എന്നതാണ് മൂന്നാം കക്ഷികൾക്ക് ചെയ്യാവുന്ന കാര്യം. ആത്മവിശ്വാസവും ബുദ്ധിയും നഷ്ടപ്പെട്ട തീവ്ര ഇടതു ഡെമോക്രാറ്റുകളിലൂടെ നമുക്കത് മനസ്സിലായിട്ടുണ്ട്!' - ട്രംപ് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.











