
വാഷിങ്ടൺ: അമേരിക്ക–ഇറാൻ യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതിനു പിന്നാലെ ശ്രദ്ധേയമായ വിവരങ്ങൾ പുറത്തുവന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള കരാറിന്റെ ചട്ടക്കൂടിൽ ബുധനാഴ്ച ട്രംപ് ഒപ്പുവെച്ചെങ്കിലും, അതിന് ഒരാഴ്ച മുമ്പ് തന്നെ കൂടുതൽ മിസൈലുകളും ബോംബുകളും നിർമിക്കാൻ പ്രതിരോധ കമ്പനികളെ നിർദേശിക്കുന്ന ഉത്തരവിലും അദ്ദേഹം ഒപ്പുവെച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 28-ന് ആരംഭിച്ച അമേരിക്ക–ഇസ്രയേൽ സൈനിക നീക്കവും തുടർന്ന് മാസങ്ങളോളം നീണ്ടുനിന്ന ഏറ്റുമുട്ടലുകളും അമേരിക്കയുടെ ആയുധശേഖരത്തെ കാര്യമായി ബാധിച്ചതായി വിലയിരുത്തപ്പെടുന്നു. പെന്റഗൺ കണക്കുകൾ പ്രകാരം യുദ്ധച്ചെലവ് 111 ബില്യൺ ഡോളറിലെത്തിയതിൽ വലിയൊരു പങ്കും മിസൈൽ വിനിയോഗത്തിനായിരുന്നു.
ഇതേ പശ്ചാത്തലത്തിലാണ് മിസൈലുകളുടെയും ബോംബുകളുടെയും ഉത്പാദനം വേഗത്തിലാക്കാൻ ട്രംപ് ഡിഫൻസ് പ്രൊഡക്ഷൻ ആക്ട് പ്രാബല്യത്തിൽ കൊണ്ടുവന്നതെന്നാണ് റിപ്പോർട്ട്. ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന സാഹചര്യങ്ങളാണ് ഈ നടപടിക്ക് കാരണമായതെന്ന് പ്രസിഡന്റിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധത്തിനിടെ അമേരിക്കയുടെ പാട്രിയറ്റ്, താഡ് (THAAD) ഇന്റർസെപ്റ്റർ മിസൈലുകളുടെ ശേഖരം വേഗത്തിൽ കുറഞ്ഞുവെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഇത് അമേരിക്കയുടെ സഖ്യരാജ്യങ്ങളായ യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിലും ആശങ്ക സൃഷ്ടിച്ചിരുന്നു.
കുറഞ്ഞ ചെലവിൽ വൻതോതിൽ നിർമ്മിച്ച ഷഹീദ് ഡ്രോണുകൾ കൂട്ടത്തോടെ വിന്യസിച്ച ഇറാന്റെ തന്ത്രമാണ് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയായത്. ഏകദേശം 20,000 ഡോളർ വിലമതിക്കുന്ന ഒരു ഡ്രോണിനെ തകർക്കാൻ 40 ലക്ഷം ഡോളർ ചെലവുള്ള പാട്രിയറ്റ് മിസൈൽ പ്രയോഗിക്കേണ്ടി വന്നത് പ്രതിരോധ ചെലവ് കുത്തനെ ഉയർത്തി.
ഒരു ഡ്രോണിനെപ്പോലും ലക്ഷ്യസ്ഥാനങ്ങളിലെത്താൻ അനുവദിക്കാനാകില്ലെന്ന സുരക്ഷാ ആവശ്യകത അമേരിക്കയെ വൻ സാമ്പത്തിക ബാധ്യതയിലേക്ക് നയിച്ചു. അതേസമയം, മേഖലയിലെ താഡ് പ്രതിരോധ സംവിധാനങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ പാട്രിയറ്റ് സംവിധാനങ്ങളിലെ സമ്മർദ്ദം കൂടുതൽ വർധിപ്പിക്കുകയും ചെയ്തു.
യുദ്ധകാലത്ത് ആവശ്യമായ തോതിൽ ആയുധങ്ങൾ നിർമ്മിക്കാനുള്ള പ്രതിരോധ വ്യവസായത്തിന്റെ ശേഷിയെക്കുറിച്ചുള്ള ആശങ്കകളും വീണ്ടും ശക്തമായി. ബില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന മിസൈലുകളും റോക്കറ്റുകളും ഇന്ധനവും അമേരിക്ക വിനിയോഗിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അവസാന രണ്ട് ദിവസത്തെ വ്യോമാക്രമണങ്ങൾക്ക് മാത്രം 200 മില്യൺ ഡോളറിലധികം ചെലവായതായി ട്രംപ് തന്നെ വെളിപ്പെടുത്തിയിരുന്നു. സ്വിറ്റ്സർലൻഡിൽ നടന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, “അവസാന രണ്ട് ദിവസങ്ങൾ അതീവ തീവ്രമായിരുന്നു. 200 മില്യൺ ഡോളർ വിലമതിക്കുന്ന ബോംബുകളാണ് ഉപയോഗിച്ചത്. അത് വളരെ ചെലവേറിയ യുദ്ധമായിരുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.










