12:32pm 17 April 2026
NEWS
സമ്പുഷ്ട യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ തയ്യാറെന്ന് ട്രംപ്
17/04/2026  06:22 AM IST
nila
സമ്പുഷ്ട യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ തയ്യാറെന്ന് ട്രംപ്

വാഷിംഗ്ടൺ: ആറാഴ്ച നീണ്ടുനിന്ന സംഘർഷത്തിന് പിന്നാലെ ഇറാനുമായി സമാധാന കരാറിലേക്കുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിന്റെ ഭാഗമായി സമ്പുഷ്ട യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ തയ്യാറായിട്ടുണ്ടെന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. 

ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കാവുന്ന യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. “ന്യൂക്ലിയർ ഡസ്റ്റ് തിരികെ നൽകാൻ അവർ തയ്യാറായിട്ടുണ്ട്” എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് രണ്ടുരാജ്യങ്ങൾക്കുമിടയിലെ സംഘർഷം കുറയ്ക്കാനുള്ള നിർണായക മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

ആണവായുധ മോഹം ഉപേക്ഷിക്കുക, ആണവ സാമഗ്രികൾ കൈമാറുക എന്നിവയ്ക്ക് പുറമെ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാനും സൗജന്യമായി എണ്ണ നൽകാനുമുള്ള വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുമെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാൻ ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. സമാധാന കരാർ യാഥാർഥ്യമായാൽ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെച്ച് അത് ഒപ്പിട്ടേക്കുമെന്നും താൻ അതിൽ പങ്കെടുത്തേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.

നിലവിലെ രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനുള്ളിൽ തന്നെ ഒരു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഇറാൻ ഈ കരാർ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും ആക്രമണം തുടങ്ങുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാൻ വിഷയത്തിന് പുറമെ, മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായതായും ട്രംപ് പ്രഖ്യാപിച്ചു. ന്യൂയോർക്ക് സമയം വൈകുന്നേരം 5 മണിക്ക് ഇത് നിലവിൽ വരുമെന്നും മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരാൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർക്ക് നിർദ്ദേശം നൽകിയതായും ട്രംപ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img