
വാഷിംഗ്ടൺ: ആണവ പദ്ധതികൾ നിർത്തിവയ്ക്കണമെന്ന അമേരിക്കയുടെ ആവശ്യത്തിന് ഇറാൻ വഴങ്ങാത്ത പക്ഷം ശക്തമായ സൈനിക നടപടിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാന്റെ ആണവ കേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള സാധ്യതകൾ പരിശോധിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഒരു അമേരിക്കൻ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്.
ആവശ്യമെഹ്കിൽ, അമേരിക്കൻ കമാൻഡോകളെ വിന്യസിച്ച് ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ തകർക്കാനുള്ള പദ്ധതി പോലും പരിഗണനയിലുണ്ട് എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ വിവരങ്ങളെ കുറിച്ച് വൈറ്റ് ഹൗസോ പെന്റഗണോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാസം തന്നെ ആണവ കരാറിൽ ഇറാൻ സഹകരിക്കാത്ത പക്ഷം ആക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പ് ട്രംപ് നൽകിയിരുന്നു. അതേസമയം അന്നത്തെ സാഹചര്യത്തിൽ അമേരിക്കൻ പ്രതിരോധ സംവിധാനം നേരിട്ടുള്ള സംഘർഷത്തിന് പൂർണമായും സജ്ജമായിരുന്നില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മധ്യേഷ്യൻ മേഖലയിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരിമിതമായിരുന്നതും പ്രധാന യുദ്ധവിമാനങ്ങൾ യൂറോപ്പിലോ അമേരിക്കയിലോ ആയിരുന്നതും വെല്ലുവിളിയായി കണക്കാക്കപ്പെട്ടു.
പിന്നീട് സമവായ ചർച്ചകൾ തുടരുന്നതിനൊപ്പം തന്നെ മധ്യേഷ്യയിലെ സൈനിക സജ്ജീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ പെന്റഗൺ കൈക്കൊണ്ടതായും റിപ്പോർട്ടിൽ പറയുന്നു. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അടുത്ത നീക്കങ്ങൾ അന്താരാഷ്ട്ര പ്രതികരണങ്ങളെ ആശ്രയിച്ചായിരിക്കുമെന്നുമാണ് വിലയിരുത്തൽ.











