02:26pm 28 October 2026
NEWS
ഇറാന് വീണ്ടും ട്രംപിന്റെ അന്ത്യശാസനം
18/04/2026  11:36 AM IST
nila
ഇറാന് വീണ്ടും ട്രംപിന്റെ അന്ത്യശാസനം

വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ തകരാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ചയ്ക്കകം സമാധാന കാരറിൽ എത്താത്തപക്ഷം സൈനിക നടപടികളിലേക്ക് മടങ്ങേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഗൾഫ് മേഖലയിലെ സുരക്ഷാ ആശങ്കകൾ വീണ്ടും ശക്തമായി.

വെടിനിർത്തൽ നീട്ടുന്നതിനെക്കുറിച്ച് ഉറപ്പില്ലെന്നും, ഇറാനിലെ തുറമുഖങ്ങളെ ലക്ഷ്യമിട്ട് തുടരുന്ന നാവിക ഉപരോധം നിലനിൽക്കുമെന്നും ട്രംപ് പറഞ്ഞു. “കരാർ നീളുമോ എന്നത് വ്യക്തമല്ല, എന്നാൽ ഉപരോധം തുടരും. അതിനാൽ സാഹചര്യങ്ങൾ വഷളായാൽ വീണ്ടും സൈനിക നടപടികൾക്ക് നീങ്ങേണ്ടി വരാം,” ട്രംപ് വ്യക്തമാക്കി. 

ഏപ്രിൽ പകുതി മുതൽ ഇറാനിലെ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം യുഎസ് നാവികസേന തടയുന്നുണ്ട്. ഇറാൻ ഈ നടപടിയെ നിയമവിരുദ്ധമെന്നും പ്രകോപനപരമെന്നും വിളിച്ച് അപലപിച്ചിരുന്നു. ഉപരോധം തുടർന്നാൽ ലോകത്തെ ഊർജ്ജ വിതരണത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകത്തെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും 20 ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്.

പാകിസ്താനിൽ വെച്ച് നടന്ന ചർച്ചകൾ പരാജയപ്പെട്ടതും, ആണവ കരാറുകൾ, ഉപരോധം നീക്കൽ തുടങ്ങിയ കാര്യങ്ങളിലെ ഭിന്നതകളുമാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. നയതന്ത്ര ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ നിലവിലെ വെടിനിർത്തൽ തകരുകയും മേഖലയിൽ വീണ്ടും യുദ്ധം ആരംഭിക്കുകയും ചെയ്തേക്കാം. ഒരു കരാറിൽ എത്താൻ താൻ ആഗ്രഹിക്കുന്നു എന്ന് ട്രംപ് ആവർത്തിക്കുമ്പോഴും, ചർച്ചകൾ പരാജയപ്പെട്ടാലുണ്ടാകുന്ന സൈനിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പ് പശ്ചിമേഷ്യയെ കൂടുതൽ അസ്ഥിരതയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img