12:54am 29 October 2026
NEWS
ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നിർദ്ദേശവുമായി ട്രംപ്; എതിർപ്പുമായി അമേരിക്കൻ സൈനിക നേതൃത്വം
11/01/2026  03:35 PM IST
nila
 ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നിർദ്ദേശവുമായി ട്രംപ്; എതിർപ്പുമായി അമേരിക്കൻ സൈനിക നേതൃത്വം

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിനെ നിയന്ത്രണത്തിലാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസാധാരണ നീക്കം. ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള സൈനിക സാധ്യതകൾ വിശദമായി പഠിച്ച് പദ്ധതി തയ്യാറാക്കാൻ യു.എസ് സൈന്യത്തിലെ ജോയിന്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിനോട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ, ഈ നിർദ്ദേശം അമേരിക്കൻ സൈന്യത്തിന്റെ ഉന്നത തലങ്ങളിൽ തന്നെ ശക്തമായ എതിർപ്പുകൾക്ക് കാരണമായെന്നും റിപ്പോർട്ടുകളുണ്ട്.

ഗ്രീൻലൻഡിനെതിരെ സൈനിക നടപടി സ്വീകരിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും, അത്തരമൊരു നീക്കത്തിന് യു.എസ് കോൺഗ്രസിന്റെ അംഗീകാരം ലഭിക്കില്ലെന്നും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ട്രംപിനെ അറിയിച്ചതായാണ് സൂചന. ഈ സാഹചര്യത്തിൽ, ഗ്രീൻലൻഡ് വിഷയത്തിൽ നിന്ന് ട്രംപിന്റെ ശ്രദ്ധ തിരിക്കാനായി റഷ്യൻ ‘ഗോസ്റ്റ്’ കപ്പലുകളെ തടയുന്ന ഓപ്പറേഷനുകളെക്കുറിച്ചോ, ഇറാനെതിരായ സൈനിക നടപടികളെക്കുറിച്ചോ ചർച്ചകൾ സൈനിക തലത്തിൽ സജീവമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

ഭരണകൂടത്തിനകത്തെ ആശയസംഘർഷം

ട്രംപിന്റെ രാഷ്ട്രീയ ഉപദേശകനായ സ്റ്റീഫൻ മില്ലറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗ്രീൻലൻഡിനെ പിടിച്ചെടുക്കണമെന്ന ആശയം ശക്തമായി മുന്നോട്ടുവെച്ചതെന്നാണ് വിവരം. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയടക്കം ലക്ഷ്യമാക്കി നടത്തിയ മുൻ സൈനിക ഓപ്പറേഷനുകളുടെ ‘വിജയം’ ഭരണകൂടത്തിന് ആത്മവിശ്വാസം നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു. റഷ്യയോ ചൈനയോ ഗ്രീൻലൻഡിൽ തന്ത്രപരമായ ആധിപത്യം സ്ഥാപിക്കുന്നതിന് മുൻപ് അമേരിക്ക ഇടപെടണമെന്നതാണ് ഈ നീക്കത്തിന്റെ മുഖ്യലക്ഷ്യമെന്നാണ് ഭരണകൂടവൃത്തങ്ങൾ വിശദീകരിക്കുന്നത്.

രാഷ്ട്രീയ ലക്ഷ്യങ്ങളോ ദേശീയ സുരക്ഷയോ?

അതേസമയം, വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ആഭ്യന്തര അസന്തോഷങ്ങളിൽ നിന്നും വോട്ടർമാരുടെ ശ്രദ്ധ മാറ്റാനുള്ള രാഷ്ട്രീയ തന്ത്രമാണ് ട്രംപ് ഗ്രീൻലൻഡ് വിഷയത്തിലൂടെ പരീക്ഷിക്കുന്നതെന്ന ആരോപണവും ശക്തമാണ്. അടുത്തിടെ എണ്ണക്കമ്പനികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗ്രീൻലൻഡ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ട്രംപ് ആവർത്തിച്ചിരുന്നു. നയതന്ത്രപരമായി ദ്വീപ് വാങ്ങാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടാൽ “കടുത്ത രീതിയിൽ ഇടപെടേണ്ടിവരും” എന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.

ഗ്രീൻലൻഡ് സംരക്ഷിക്കുന്നതിൽ ഡെന്മാർക്ക് പരാജയപ്പെട്ടുവെന്ന ആരോപണവുമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും രംഗത്തെത്തി. ദ്വീപിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ ഡെന്മാർക്കിന് കഴിവില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

ട്രംപിന്റെ നിലപാടിനെതിരെ ശക്തമായ പ്രതികരണവുമായി ഡെന്മാർക്ക് രം​ഗത്തെത്തി. ബലപ്രയോഗത്തിലൂടെയുള്ള ഏതൊരു നീക്കവും നാറ്റോ സഖ്യത്തിന്റെ അടിത്തറ തന്നെ തകർക്കുമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ മുന്നറിയിപ്പ് നൽകി. ഗ്രീൻലൻഡ് ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമാണെന്നും, സൈനിക ഭീഷണികൾ അംഗീകരിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.

എന്തുകൊണ്ട് ഗ്രീൻലൻഡ്?

അത്യപൂർവ്വ ധാതുക്കളുടെ വൻ ശേഖരവും, ആർക്ക്ടിക് മേഖലയിലെ തന്ത്രപ്രധാനമായ സമുദ്രപാതകളിലേക്കുള്ള നിയന്ത്രണവും ഗ്രീൻലൻഡിനെ ലോക ശക്തികളുടെ ശ്രദ്ധാകേന്ദ്രമാക്കുന്നു. കാലാവസ്ഥ മാറ്റത്തെ തുടർന്ന് പുതിയ കടൽമാർഗങ്ങൾ തുറക്കപ്പെടുന്ന സാഹചര്യത്തിൽ, ഗ്രീൻലൻഡിന്റെ ഭൗമസ്ഥിതിക പ്രാധാന്യം വർധിച്ചിരിക്കുകയാണ്. ഇതാണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ ദ്വീപിലേക്കുള്ള സ്വാധീനത്തിനായി മത്സരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img