01:23am 18 January 2026
NEWS
ഒമ്പതു കോടി രൂപയ്ക്ക് പൗരത്വം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ്
11/12/2025  12:45 PM IST
nila
ഒമ്പതു കോടി രൂപയ്ക്ക് പൗരത്വം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ്

സമ്പന്നരും ഉയർന്ന വൈദ​ഗ്ധ്യമുള്ളവരുമായ ആളുകൾക്ക് അമേരിക്കയിൽ സ്ഥിരതാമസത്തിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റിന്റെ ‘ട്രംപ് ഗോൾഡ് കാർഡ്’ വീസ പദ്ധതിയാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചയാകുന്നത്. ഒമ്പതു കോടി രൂപയുണ്ടെങ്കിൽ അമേരിക്കയിൽ സ്ഥിരതാമസത്തിന് അനുമതി ലഭിക്കുന്നതാണ് പ​ദ്ധതി. ലോകത്തെ സമ്പന്നരെയും ഉയർന്ന പരിജ്ഞാനമുള്ള വിദഗ്ധരെയും അമേരിക്കയിലേക്ക് ആകർഷിച്ച് കൂടുതൽ നിക്ഷേപം നേടുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതിവേഗത്തിൽ താമസാനുമതി ലഭ്യമാക്കുന്ന പദ്ധതിയാണിത്. അടുത്തിടെ ‘ട്രംപ് പ്ലാറ്റിനം കാർഡ്’ എന്ന ഉയർന്ന നിരക്കിലുള്ള വീസയും പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

10 ലക്ഷം ഡോളർ (ഏകദേശം 9 കോടി ഇന്ത്യൻ രൂപ) നൽകുന്ന വ്യക്തികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കും. 20 ലക്ഷം ഡോളർ നൽകി കമ്പനികൾക്ക് വിദഗ്ധരെ നിയമാനുസൃതമായി യുഎസിലേക്ക് കൊണ്ടുവരാൻ കഴിയും. ഗോൾഡ് കാർഡിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ഔദ്യോഗിക വെബ്സൈറ്റും അധികൃതർ തുറന്നിട്ടുണ്ട്.

പഴയ EB-5 നിക്ഷേപ വീസ പദ്ധതിക്ക് പകരമെന്ന നിലയിലാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. EB-5 വീസയിൽ നിക്ഷേപകർ കുറഞ്ഞത് 10 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു സ്ഥാപനത്തിൽ 10 ലക്ഷം ഡോളർ വരെ ചെലവഴിക്കേണ്ടതുണ്ടായിരുന്നു. മുൻഘട്ടത്തിൽ ഒരു ഗോൾഡ് കാർഡിന് 50 ലക്ഷം ഡോളർ വരെ ഈടാക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട് നിരക്ക് കുറച്ചു. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന പണം നേരിട്ട് സർക്കാർ ട്രഷറിയിലെത്തുമെന്നും, രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിന് ഇത് ഉപയോഗിക്കാമെന്നും ട്രംപ് വ്യക്തമാക്കി. തത്വത്തിൽ ഇത് ഒരു ഗ്രീൻ കാർഡിന്റെ അപ്‌ഗ്രേഡ് പതിപ്പ് ആണെന്നും അദ്ദേഹം പറഞ്ഞു. കമ്പനികൾക്ക് ഒന്നിലധികം കാർഡുകൾ ലഭ്യമായാലും വ്യക്തിക്ക് ഒരു കാർഡ് മാത്രമായിരിക്കും അനുവദിക്കുക.

ഗോൾഡ് കാർഡിനായി ആദ്യം 15,000 ഡോളർ ഫീസ് അടയ്ക്കണം. പിന്നീട് 10 ലക്ഷം ഡോളർ നിക്ഷേപം സമർപ്പിച്ചാൽ ത്വരിതഗതിയിലുള്ള നടപടിക്രമങ്ങൾക്കുശേഷം കാർഡ് ലഭിക്കും. അപേക്ഷകരുടെ പൂർണ പരിശോധന, അഭിമുഖം, രേഖകൾ പരിശോധിക്കൽ എന്നിവ നിർബന്ധമാണ്. തുടർച്ചയായ ആഴ്ചകളിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നു സർക്കാരിന്റെ വാഗ്ദാനം. ബ്രിട്ടൻ, സ്പെയ്ൻ, ഗ്രീസ്, മാൾട്ട, ഓസ്‌ട്രേലിയ, കാനഡ, ഇറ്റലി തുടങ്ങി നിരവധി രാജ്യങ്ങളിൽ സമ്പന്നരായവർക്ക് ‘ഗോൾഡൻ വീസ’ അനുവദിക്കുന്ന രീതിയിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img