03:27am 09 September 2026
NEWS
നെതന്യാഹുവിനെ രൂക്ഷമായി കുറ്റപ്പെടുത്തി ഡൊണാൾഡ് ട്രംപ്
02/06/2026  11:09 AM IST
NILA
നെതന്യാഹുവിനെ രൂക്ഷമായി കുറ്റപ്പെടുത്തി ഡൊണാൾഡ് ട്രംപ്

ലെബനനിൽ ഇസ്രയേൽ തുടരുന്ന സൈനിക നടപടികളിൽ അതൃപ്തി രേഖപ്പെടുത്തി യുഎസ് പ്രസിഡന്റ് ‌ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ഇക്കാര്യം ഫോണിൽ സംസാരിച്ചതായി റിപ്പോർട്ട്. ഇസ്രയേലിന്റെ ആക്രമണനടപടികളോട് കടുത്ത പ്രതിഷേധം പ്രകടിപ്പിച്ച ട്രംപ്, നെതന്യാഹുവിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.

ലെബനനിൽ ബോംബാക്രമണം തുടരുന്ന സാഹചര്യത്തിൽ യുഎസുമായുള്ള സമാധാനശ്രമങ്ങളിൽ നിന്ന് പിന്മാറുന്നതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇരുനേതാക്കളുടെയും സംഭാഷണം. ഇസ്രയേലിന്റെ നടപടികൾ രാജ്യാന്തര തലത്തിൽ കൂടുതൽ ഒറ്റപ്പെടലിലേക്ക് നയിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

നെതന്യാഹു നന്ദികെട്ടവനാണെന്നും താനല്ലാതെ മറ്റാരായിരുന്നുവെങ്കിലും നെതന്യാഹു ഇപ്പോൾ ജയിലിൽ കിടന്നേനെയെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്. 'നിനക്ക് മുഴുത്ത വട്ടാണ്. എല്ലാവർക്കും നിന്നെ വെറുപ്പാണ്. നീ കാരണം ഇസ്രയേലിനോടും വെറുപ്പാണ്. എന്ത് വൃത്തികേടാണ് കാണിക്കുന്നതെന്ന് ബോധമുണ്ടോ' യെന്നും ട്രംപ് നെതന്യാഹുവിനോട് ചോദിച്ചതായി ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

ഫോൺസംഭാഷണത്തിന് പിന്നാലെ ബെയ്റൂട്ടിൽ ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രയേൽ അറിയിച്ചതായും ട്രംപ് പിന്നീട് തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം, ട്രംപുമായി സംസാരിച്ച കാര്യം സ്ഥിരീകരിച്ച നെതന്യാഹു, ബെയ്റൂട്ടിൽ നിന്ന് ഇസ്രയേലിനെ ലക്ഷ്യമിട്ട് ആക്രമണമുണ്ടാകാത്ത പക്ഷം തിരിച്ചടിയും ഉണ്ടാകില്ലെന്ന് അറിയിച്ചു. എന്നാൽ തെക്കൻ ലെബനനിലെ സൈനിക നടപടി തുടരുമെന്നും ഇസ്രയേൽ തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, ഹിസ്ബുല്ലയും ഇസ്രയേലും തമ്മിൽ ഭാഗിക വെടിനിർത്തൽ നിലവിൽ വന്നതായി ലെബനൻ അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img