12:47am 29 October 2026
NEWS
“ഡിസ്കംബോബുലേറ്റർ..“ വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മഡുറോയെ പിടികൂടാനുള്ള സൈനിക ഓപ്പറേഷനിൽ ഉപയോ​ഗിച്ച അതിനി​ഗൂഢമായ ആയുധത്തെ കുറിച്ച് വെളിപ്പെടുത്തി ട്രംപ്
26/01/2026  06:24 PM IST
nila
“ഡിസ്കംബോബുലേറ്റർ..“ വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മഡുറോയെ പിടികൂടാനുള്ള സൈനിക ഓപ്പറേഷനിൽ ഉപയോ​ഗിച്ച അതിനി​ഗൂഢമായ ആയുധത്തെ കുറിച്ച് വെളിപ്പെടുത്തി ട്രംപ്

വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള ശ്രമത്തിനിടെ, വെനസ്വേലയുടെ സൈനിക സംവിധാനങ്ങളെ പൂര്‍ണമായി നിശ്ചലമാക്കാൻ അമേരിക്ക അതി നി​ഗൂഢമായ ആയുധം പ്രയോ​ഗിച്ചതായി സൂചനകളുണ്ടായിരുന്നു. ഇപ്പോഴിതാ, അത്തരമൊരു അതീവ രഹസ്യവും അത്യാധുനികവുമായ ആയുധം സൈന്യം വെനസ്വേലയിൽ ഉപയോ​ഗിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ്, ‘പൾസ്ഡ് എനർജി ആയുധം’ അമേരിക്കയ്ക്കുണ്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ട്രംപ് ഈ പരാമർശം നടത്തിയത്.

“ഡിസ്കംബോബുലേറ്റർ… അതിനെക്കുറിച്ച് സംസാരിക്കാൻ എനിക്ക് അനുവാദമില്ല” എന്നായിരുന്നു ആയുധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ട്രംപിന്റെ മറുപടി. എന്നാൽ, ഈ അത്യാധുനിക സംവിധാനത്തിന്റെ പ്രയോഗം മൂലം വെനസ്വേലയുടെ സൈനിക ഉപകരണങ്ങൾ മുഴുവൻ പ്രവർത്തനരഹിതമായതായി അദ്ദേഹം അവകാശപ്പെട്ടു.

റഷ്യയും ചൈനയും നിർമ്മിച്ച ശക്തമായ റോക്കറ്റുകൾ വെനസ്വേലയ്ക്കുണ്ടായിരുന്നുവെങ്കിലും ഒന്നും അമേരിക്കൻ സൈനികർക്കുനേരേ ഉപയോ​ഗിക്കാൻ സാധിച്ചില്ലെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ സൈന്യം നീങ്ങുമ്പോൾ വെനസ്വേലൻ സേന ബട്ടണുകൾ അമർത്തിയെങ്കിലും ഒരു സംവിധാനവും പ്രവർത്തിച്ചില്ല. ആക്രമണത്തിനായി പൂർണമായി തയ്യാറായിരുന്നിട്ടും സാങ്കേതിക തകരാറുകൾ കാരണം അവർ പൂർണ പരാജയത്തിലായെന്നും ട്രംപ് അവകാശപ്പെട്ടു.

മുമ്പ് മഡുറോയുടെ വസതിയിൽ നടത്തിയ റെയ്ഡിനെക്കുറിച്ച് പരാമർശിക്കവെ, കാരക്കാസിലെ മിക്കവാറും എല്ലാ വെളിച്ചങ്ങളും ഒരേ സമയം അണയ്ക്കാൻ അമേരിക്കയ്ക്ക് സാധിച്ചതായും ട്രംപ് പറഞ്ഞിരുന്നു. അന്ന് ഇതിന്റെ സാങ്കേതിക വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാൽ, പുതിയ പരാമർശങ്ങൾ അമേരിക്ക കൈവശം വച്ചിരിക്കുന്ന ഈ രഹസ്യ ആയുധത്തിന്റെ അസാധാരണ ശേഷികളിലേക്കാണ് വിരൽചൂണ്ടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img