
വാഷിങ്ടൺ: ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ അധികാരത്തിൽ നിന്ന് മാറണമെന്ന് അമേരിക്കൻ ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് ആണ് ഈ വിവരം പുറത്തുവിട്ടത്. യുഎസ്–ക്യൂബ ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത്തരമൊരു നിലപാട് എടുത്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ചർച്ചകളിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ക്യൂബയിലെ ഭരണത്തിൽ വലിയ മാറ്റമല്ല അമേരിക്ക ആവശ്യപ്പെടുന്നത്. പക്ഷേ നിലവിലെ പ്രസിഡന്റിനെ മാറ്റുക എന്നതാണ് ട്രംപിന്റെ പ്രധാന ആവശ്യം. ക്യൂബയിൽ 65 വർഷത്തിലേറെയായി നിലനിൽക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണരീതിക്ക് നേരിട്ടുള്ള മാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്നും സൂചനയുണ്ട്.
യുഎസ് ഏർപ്പെടുത്തിയ എണ്ണ ഉപരോധം മൂലം ക്യൂബ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കങ്ങൾ. വിദേശ എണ്ണ ഇറക്കുമതി നിയന്ത്രിച്ചതിലൂടെ ക്യൂബൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. ക്യൂബയുടെ “മോചനം” തന്നെയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഫിദൽ കാസ്ട്രോയുടെയും റൗൾ കാസ്ട്രോയുടെയും പിൻഗാമിയായാണ് ഡിയാസ് കാനൽ ക്യൂബൻ പ്രസിഡന്റായത്. യുഎസുമായുള്ള ചർച്ചകൾ പരസ്പര ബഹുമാനം, സ്വയംഭരണം, പരമാധികാരം എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, “ക്യൂബയുമായി സംസാരിക്കുന്നുണ്ടെങ്കിലും ആദ്യം ഇറാനുമായി സംസാരിക്കും” എന്നായിരുന്നു ട്രംപിന്റെ പുതിയ പ്രതികരണം.
എണ്ണ ഉപരോധത്തിന്റെ ആഘാതത്തിൽ കഴിഞ്ഞ മൂന്ന് മാസമായി ക്യൂബയിൽ ഊർജ പ്രതിസന്ധി രൂക്ഷമാണ്. വൈദ്യുതി ഉപയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം രാജ്യത്ത് രൂപപ്പെട്ടു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെ പതിറ്റാണ്ടുകളായി യുഎസ് പ്രസിഡന്റുമാർ എതിർക്കുന്നു. രാജ്യത്ത് മനുഷ്യാവകാശലംഘനം നടക്കുന്നതായി വിമർശിക്കുന്നു. എങ്കിലും 1962 ലെ ക്യൂബൻ മിസൈൽ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സോവിയറ്റ് യൂണിയനുമായുള്ള കരാറിന്റെ ഭാഗമായി യുഎസ് ഇതുവരെ ക്യൂബയെ ആക്രമിച്ചിട്ടില്ല.











