
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച ഔദ്യോഗിക കത്തിലാണ് ഫെബ്രുവരി 28ന് ആരംഭിച്ച സൈനിക നീക്കങ്ങൾ അവസാനിപ്പിച്ചതായി ട്രംപ് അറിയിച്ചത്. വെടിനിർത്തലിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലുകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ രാഷ്ട്രീയത്തിലും അന്താരാഷ്ട്ര നയതന്ത്രരംഗത്തും ട്രംപിന്റെ പ്രഖ്യാപനം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
1973ലെ ‘വാർ പവേഴ്‌സ് റെസല്യൂഷൻ’ പ്രകാരം കോൺഗ്രസിന്റെ അനുമതിയില്ലാതെ പ്രസിഡന്റിന് 60 ദിവസത്തിൽ കൂടുതൽ യുദ്ധനടപടികൾ തുടരാനാവില്ല. ഈ സമയപരിധി അവസാനിക്കാനിരിക്കെയാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്. വെടിനിർത്തൽ നിലനിൽക്കുന്നതിനാൽ നിയമപരമായ നിയന്ത്രണങ്ങൾ ബാധകമല്ലെന്നാണ് ട്രംപിന്റെ വാദം. എന്നാൽ, ഡെമോക്രാറ്റിക് നേതാക്കൾ ഈ നിലപാടിനെ ശക്തമായി വിമർശിച്ചു. വെടിനിർത്തലിനെ അടിസ്ഥാനമാക്കി നിയമപരമായ കാലാവധി നീട്ടാനാകില്ലെന്നും കോൺഗ്രസിന്റെ അംഗീകാരം കൂടാതെയുള്ള നീക്കങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നും അവർ ആരോപിച്ചു.
ഇറാൻ ഇപ്പോഴും അമേരിക്കയ്ക്ക് സുരക്ഷാഭീഷണിയാണെന്ന് ട്രംപ് കത്തിൽ ആവർത്തിച്ചു. ഇറാൻ എണ്ണക്കപ്പലുകൾ അമേരിക്കൻ കപ്പലുകളെ തടയുന്ന സാഹചര്യം തുടരുന്നതിനാൽ സംഘർഷം പൂർണമായും അവസാനിച്ചുവെന്ന് പറയാനാകില്ലെന്ന് സെനറ്റർ ജീൻ ഷഹീൻ പ്രതികരിച്ചു.
അതേസമയം, ഭാവിയിൽ വീണ്ടും ആക്രമണമുണ്ടാകില്ലെന്ന ഉറപ്പും സാമ്പത്തിക ഉപരോധങ്ങളിൽ ഇളവും ലഭിച്ചാൽ മാത്രമേ ചർച്ചകളിൽ മുന്നോട്ടുപോകാനാകൂവെന്നാണ് ഇറാന്റെ നിലപാട്. പ്രത്യേകിച്ച് തുറമുഖ ഉപരോധങ്ങൾ നീക്കുന്നത് നിർണായകമാണെന്നും അതിന് ശേഷം കൂടുതൽ നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്നും ഇറാൻ അറിയിച്ചു.










