
വാഷിങ്ടൺ: അമേരിക്ക–ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത മാർപ്പാപ്പ ലിയോ പതിനാലാമനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോപ്പിനെതിരെ രൂക്ഷ വിമർശനമാണ് ട്രംപ് ഉയർത്തിയത്. കുറ്റകൃത്യങ്ങളും ആഗോള സുരക്ഷയും സംബന്ധിച്ച വിഷയങ്ങളിൽ മാർപ്പാപ്പയുടെ നിലപാട് ദുർബലമാണെന്നും വിദേശ നയങ്ങളിൽ അദ്ദേഹത്തിന് വ്യക്തതയില്ലെന്നും ട്രംപ് ആരോപിച്ചു. ഇറാന്റെ ആണവ പദ്ധതികളുപോലുള്ള ഗൗരവമായ ഭീഷണികളെ പോപ്പ് അവഗണിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
വെനസ്വേലയിൽ നിന്നുള്ള മയക്കുമരുന്ന് കടത്തും അനധികൃത കുടിയേറ്റവും നിയന്ത്രിക്കാൻ താൻ സ്വീകരിക്കുന്ന നടപടികളെ മാർപ്പാപ്പ വിമർശിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ട്രംപ് പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തന്നെ നേരിടാനാണ് ഒരു അമേരിക്കക്കാരനായ ലിയോയെ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നെങ്കിൽ ലിയോയ്ക്ക് വത്തിക്കാനിൽ എത്താൻ കഴിഞ്ഞിരിക്കില്ലെന്നും ട്രംപ് പരിഹസിച്ചു.
മാർപ്പാപ്പ മതകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രാഷ്ട്രീയത്തിലേക്ക് ഇടപെടാൻ ശ്രമിക്കരുതെന്നും ട്രംപ് നിർദേശിച്ചു. നിലവിലെ നിലപാടുകൾ കത്തോലിക്കാ സഭയുടെ പ്രതിഛായയെ ബാധിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോവിഡ് കാലത്ത് പള്ളികളിൽ ശുശ്രൂഷകൾ നടത്തിയ പുരോഹിതരെ അറസ്റ്റ് ചെയ്ത സംഭവങ്ങളിൽ മാർപ്പാപ്പ പ്രതികരിച്ചില്ലെന്നും ട്രംപ് വിമർശിച്ചു. ഇടത് ചിന്താഗതിക്കാരുമായി മാർപ്പാപ്പ കൂടിക്കാഴ്ച നടത്തുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന പ്രാർത്ഥനയ്ക്കിടെ മാർപ്പാപ്പ ലിയോ പതിനാലാമൻ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ച ദിവസത്തോടനുബന്ധിച്ചാണ് സമാധാനത്തിനായുള്ള ഈ ആഹ്വാനം ഉയർന്നത്.











