08:58pm 14 August 2026
NEWS
“അല്ലാഹുവിന് സ്തുതി”; ഹോർമുസിൽ പൂർണ നിയന്ത്രണം അമേരിക്കയ്ക്കെന്ന് ട്രംപ്
13/08/2026  06:26 AM IST
nila
 “അല്ലാഹുവിന് സ്തുതി”; ഹോർമുസിൽ പൂർണ നിയന്ത്രണം അമേരിക്കയ്ക്കെന്ന് ട്രംപ്

വാഷിങ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടലിടുക്കിലെ നിയന്ത്രണം തുടർന്നും നിലനിർത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസ് നാവികസേന ഏർപ്പെടുത്തിയ ഉപരോധത്തെ ‘ഉരുക്കുമതിൽ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇറാന്റെ സൈനിക-സാമ്പത്തിക സ്ഥിതിയെയും രൂക്ഷമായി വിമർശിച്ചു.

“ഹോർമുസ് കടലിടുക്കിന്മേൽ യുഎസിന് പൂർണ നിയന്ത്രണമുണ്ട്. ഞങ്ങൾ അത് നിലനിർത്തുമെന്ന് ഞാൻ കരുതുന്നു,” ട്രംപ് പറഞ്ഞു. 

ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്സ് തകർന്ന നിലയിലാണെന്നും സേന പിന്മാറുകയാണെന്നും ട്രംപ് ആരോപിച്ചു. ഇറാനിയൻ സൈന്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും രാജ്യത്ത് ഉയർന്ന പണപ്പെരുപ്പം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയ്ക്ക് ഇറാൻ ഇനി ഭീഷണിയല്ലെന്നും ട്രംപ് അവകാശപ്പെട്ടു. പ്രസ്താവനയുടെ അവസാനം “അല്ലാഹുവിന് സ്തുതി” എന്നും അദ്ദേഹം കുറിച്ചു.

വെടിനിർത്തൽ നീട്ടിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

അതേസമയം, യുഎസും ഇറാനും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ നീട്ടിയെന്ന റിപ്പോർട്ടുകൾ ഇറാൻ നിഷേധിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ഇടക്കാല കരാർ നിലവിൽ വന്നിട്ടില്ലെന്നും അതിനാൽ വെടിനിർത്തൽ നീട്ടുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നും മുതിർന്ന ഇറാനിയൻ പ്രതിനിധി വ്യക്തമാക്കി.

കരാറിലെത്തിയതിന് പിന്നാലെ 48 മണിക്കൂറിനുള്ളിൽ തന്നെ അമേരിക്ക വ്യവസ്ഥകൾ ലംഘിച്ചെന്നും ദിവസങ്ങൾക്കകം കരാറിൽനിന്ന് പിന്മാറിയെന്നും ഇറാൻ ആരോപിച്ചു. ഇടനിലക്കാരുടെ നേതൃത്വത്തിൽ നയതന്ത്ര ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും യുഎസും ഇറാനും തമ്മിലുള്ള സംഘർഷം ഇപ്പോഴും തുടരുകയാണ്.

ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള ട്രംപിന്റെ പുതിയ അവകാശവാദവും വെടിനിർത്തൽ സംബന്ധിച്ച ഇറാന്റെ നിലപാടും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി കൂടുതൽ സങ്കീർണമാകുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img