02:04pm 05 November 2026
NEWS
മാർക്‌സിസത്തെ വെല്ലുവിളിക്കുന്ന ട്രംപ്
08/09/2026  03:22 PM IST
അഡ്വ.ജി.സുഗുണൻ
മാർക്‌സിസത്തെ വെല്ലുവിളിക്കുന്ന ട്രംപ്
HIGHLIGHTS

അമേരിക്കയിൽ നിന്നും കമ്മ്യൂണിസ്റ്റുകാരെയാകെ ഉന്മൂലനം ചെയ്യുമെന്ന്

മാർക്‌സും എംഗൽസും കൂടി ആവിഷ്‌ക്കരിച്ചതും പിന്നീട് ലെനിൻ, മാവോ സെ തുങ് തുടങ്ങിയ നിരവധി മാർക്‌സിസ്റ്റ് നേതാക്കൾ വിപുലീകരിച്ചതും, ഇപ്പോഴും വിപുലീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നതുമായ വിജ്ഞാനശാഖയാണ് മാർക്‌സിസം. നൂറ്റാണ്ടുകൾക്കു മുമ്പ് ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള അറിയപ്പെടുന്നവരും, അറിയപ്പെടാത്തവരുമായ വൈജ്ഞാനികർ ഭാഗികമായി എടുത്തു കാണിച്ച പല പ്രതിഭാസങ്ങളേയും പരിണാമങ്ങളേയും കുറേക്കൂടി മൂർത്തമായി 18-19 നൂറ്റാണ്ടുകളിലായി ഹെഗൽ ആവിഷ്‌ക്കരിച്ചിരുന്നു. അദ്ദേഹം അത് ചെയ്തത് ദാർശനിക തലത്തിലായിരുന്നു. 

കമ്മ്യൂണിസ്റ്റ് മാനിഫേസ്റ്റോ തുടങ്ങുന്നത് ഇപ്രകാരമാണ് : യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു - കമ്മ്യൂണിസം എന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധ ഒഴിക്കാൻ വേണ്ടി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം - മാർപാപ്പയും സാർ ചക്രവർത്തിയും, മെക്കർ നീഹും, ഗീസോയും, ഫ്രഞ്ച് റാഡിക്കൽ കക്ഷിക്കാരും, ജർമ്മൻ പോലീസ് ചാരന്മാരുമെല്ലാം ഒരു പാവന സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. (ഇപ്പോഴാണ് ഇത് പറയുന്നതെങ്കിൽ അമേരിക്കയെക്കൂടി ഇതിൽ ചേർക്കേണ്ടി വരും). 

അധികാരത്തിലിരിക്കുന്ന എതിരാളികൾ കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ച് അധിക്ഷേപിക്കാത്ത പ്രതിപക്ഷ പാർട്ടി എവിടെയാണുള്ളത്? തങ്ങളേക്കാൾ പുരോഗമനവാദികൾ പ്രതിപക്ഷ പാർട്ടികളുടെ നേർക്കെന്ന പോലെ തന്നെ പിന്തിരിപ്പന്മാരായ തങ്ങളുടെ പ്രതിയോഗികളുടെ നേർക്കും കമ്മ്യൂണിസം എന്ന മുദ്രയടിക്കുന്ന ശകാരം തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതിപക്ഷം എവിടെയാണുള്ളത്? ഇതിൽ നിന്നും രണ്ട് സംഗതികൾ വ്യക്തമാകുന്നുണ്ട് : കമ്മ്യൂണിസം തന്നെ ഒരു ശക്തിയാണെന്ന് യൂറോപ്പിലെ എല്ലാ ശക്തികളും അംഗീകരിച്ച് കഴിഞ്ഞിരിക്കുന്നു. (ഇപ്പോഴാണെങ്കിൽ ലോകത്തെ എല്ലാ ശക്തികളും എന്ന് പറയേണ്ടി വരും). കമ്മ്യൂണിസ്റ്റുകാർ തങ്ങളുടെ അഭിപ്രായങ്ങളും ലക്ഷ്യങ്ങളും ആശയഗതികളും പരസ്യമായി ലോകസമക്ഷം പ്രഖ്യാപിക്കുകയും, കമ്മ്യൂണിസ്റ്റ് ഭൂതത്തെക്കുറിച്ചുള്ള ഈ മുത്തശ്ശിക്കഥയെ പാർട്ടിയുടെ സ്വന്തമായൊരു മാനിഫേസ്റ്റോ വഴി നേരിടുകയും ചെയ്തു.

സ്വാഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മൂടിവയ്ക്കുന്നതിനെ കമ്മ്യൂണിസ്റ്റുകാർ വെറുക്കുന്നു. നിലവിലുള്ള സാമൂഹ്യവ്യവസ്ഥയെയാകെ ബലം പ്രയോഗിച്ച് മറിച്ചിട്ടാൽ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനാകൂ എന്നും അവർ പരസ്യമായി പ്രഖ്യാപിക്കുന്നു. (തൊഴിലാളിവർഗ സർവ്വാധിപത്യവും, വിപ്ലവവും ഇന്ന് പല കമ്മ്യൂണിസ്റ്റ് പാർട്ടികളും തങ്ങളുടെ പാർട്ടി പരിപാടിയിൽ നിന്ന് നീക്കം ചെയ്യുകയും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്). കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ ഓർത്ത് ഭരണാധികാരി വർഗങ്ങൾ കിടിലം കൊള്ളട്ടെ. തൊഴിലാളികൾക്ക് സ്വന്തം ചങ്ങലക്കെട്ടുകൾ അല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല. അവർക്ക് നേടുവാനോ ഒരു ലോകമുണ്ട് താനും. 

കമ്മ്യൂണിസത്തിനും മാർസിസത്തിനുമെതിരായി ഏറ്റവും ശക്തമായ പ്രതിരോധം സൃഷ്ടിച്ചിട്ടുള്ള രാജ്യമാണ് അമേരിക്ക. വളരെക്കാലം നീണ്ടുനിന്ന വിയറ്റ്‌നാം യുദ്ധവും കൊറിയൻ യുദ്ധവുമൊക്കെ കമ്മ്യൂണിസത്തിനെതിരായ ആ രാജ്യത്തിന്റെ ശക്തമായ നടപടികൾ തന്നെയായിരുന്നു. മഹത്തായ സോവിയറ്റ് റഷ്യയുടെ തകർച്ചയ്ക്കിടയാക്കിയ ആ രാജ്യത്തെ പ്രസ്ഥാനങ്ങൾ കരുപ്പിടിക്കുന്നതിനും അമേരിക്കയുടെ പങ്ക് ആർക്കും തള്ളിക്കളായൻ കഴിയില്ല. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ യുടെ ലോകവ്യപകമായ പ്രവർത്തനവും, അതിനായി ചെലവഴിക്കുന്ന കോടാനുകോടി ഡോളറും കമ്മ്യൂണിസം ഇല്ലാതാക്കാൻ ആണെങ്കിലും അമേരിക്കൻ ഭൂഖണ്ഡത്തിൽ തന്നെ ക്യൂബയും പിന്നെ ഉത്തര വിയറ്റ്‌നാമും അടക്കം ഏതാണ്ട് മുക്കാൽ ഡസനോളം രാജ്യങ്ങളും കമ്മ്യൂണിസത്തിന്റെ കൊടിക്കീഴിൽ വളർന്നു വന്നതും ലോകം കണ്ടു. കമ്മ്യൂണിസം നിലവിൽ വന്ന പല രാജ്യങ്ങളും കമ്മ്യൂണിസ്റ്റ് വാഴ്ച്ച അവസാനിപ്പിച്ചെങ്കിലും മാർക്‌സിസത്തിനുള്ള വലിയ അടിത്തറ ഇപ്പോഴും ഈ മേഖലയിൽ തുടരുകയാണ്. ക്യൂബയടക്കമുള്ള മുഴുവൻ കമ്മ്യൂണിസ്റ്റ് സർക്കാരുകളേയും പുറത്താക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കങ്ങൾ വളരെ ശക്തമായി ഇപ്പോഴും അമേരിക്ക നടത്തിക്കൊണ്ടിരിക്കുകയാണല്ലോ.

കമ്മ്യൂണിസത്തിനെതിരായ തുറന്ന യുദ്ധമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തന്നെയാണ് അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തിൽ അദ്ദേഹം നടത്തിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രഖ്യാപനങ്ങൾ. കമ്മ്യൂണിസം ഉന്മൂലനം ചെയ്യാൻ അമേരിക്ക ബാധ്യസ്ഥമാണെന്ന് അദ്ദേഹം പറയുകയാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ യുദ്ധങ്ങളായി തന്നെയാണ് അദ്ദേഹം വിയറ്റ്‌നാം യുദ്ധത്തേയും, കൊറിയൻ യുദ്ധത്തേയും സംബന്ധിച്ച് വിശദീകരിച്ചതും. അമേരിക്കൻ സൈനികർ നടത്തിയ മഹത്തായ യുദ്ധങ്ങൾ പലതും കമ്മ്യൂണിസത്തിനെതിരായ പോരാട്ടങ്ങൾ ആയിരുന്നെന്ന് പറയാനും അദ്ദേഹം മടിക്കുന്നില്ല. അമേരിക്കയിൽ ഈ അടുത്ത കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലും മറ്റും മാർക്‌സിസ്റ്റ് അനുഭാവികൾ വിജയിച്ചത് രാജ്യത്തെ ബാധിച്ചിട്ടുള്ള ക്യാൻസറിന്റെ ഭാഗമാണെന്ന് എടുത്ത് പറയാനും ട്രംപ് തയ്യാറാകുകയാണ്. 

അമേരിക്കയിൽ നിന്നും കമ്മ്യൂണിസ്റ്റുകാരെയാകെ ഉന്മൂലനം ചെയ്യുമെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയുംട 250 -ാം സ്വാതന്ത്ര്യ ദിനത്തിൽ വാഷിങ്ടണിലെ നാഷണൽ മാളിലെ ചടങ്ങിലാണ് ട്രംപ് ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഉറഞ്ഞുതുള്ളൽ നടത്തിയത്. കമ്മ്യൂണിസം അതിവേഗം വളരുന്ന അർബുദമാണെന്നും എത്രയും പെട്ടെന്ന് അത് മുറിച്ചു മാറ്റണമെന്നും, കമ്മ്യൂണിസ്റ്റുകാരെയാകെ ഉന്മൂലനം ചെയ്യുമെന്നും അമേരിക്കൻ പൗരർ പ്രതിജ്ഞ ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ‘നമ്മുടെ നാട്ടിൽ ഇപ്പോൾ കമ്മ്യൂണിസ്റ്റ് വിപത്തിന്റെ തിരിച്ചുവരവ് ഉണ്ടായി. നമ്മുടെ ജീവിതരീതിക്ക് തികച്ചും വിരുദ്ധമായ ആശയങ്ങളുമായാണ് രാജ്യത്തേക്ക് പുതുതായി ചിലരെത്തുന്നത്. അമേരിക്കൻ പൗരർ കമ്മ്യൂണിസത്തെ വേഗത്തിൽ ഇല്ലാതാക്കും. കമ്മ്യൂണിസം ഭരണഘടനയുടെ ശത്രുവാണ്’ - ട്രംപ് പറഞ്ഞു.

കമ്മ്യൂണിസ്റ്റ് വിരുദ്ധതയെ കുടിയേറ്റ വിരുദ്ധ നിലപാടുമായി ബന്ധിപ്പിച്ച ട്രംപ് ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളെയും രേഖകളില്ലാതെ എത്തിയവരേയും അമേരിക്കയിൽ നിന്ന് പുറത്താക്കുമെന്നും ഭീഷണി മുഴക്കി. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളുടെ വളർച്ച രാജ്യം സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും വലിയ ഭീഷണിയാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ട്രംപ് കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ എന്ന് വിളിച്ച സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് ഈ പ്രസ്താവന. ന്യൂയോർക്ക്, കൊളറാഡോ, ടെക്‌സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അടുത്തയിടെ നടന്ന പ്രൈമറി തെരഞ്ഞെടുപ്പുകളിൽ പുരോഗമന പക്ഷം വൻവിജയം നേടിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. വിജയിച്ച ഇവരൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികളല്ലായിരുന്നു. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണ ഇവർക്കുണ്ടായിരുന്നു.

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനെ കുടിയേറ്റ വിരുദ്ധ, കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടർത്താനുള്ള വേദിയായി ഉപയോഗിച്ചതിൽ ഡൊണാൾഡ് ട്രംപിനെതിരെ അമേരിക്കയിൽ വ്യാപക വിമർശനമുയർന്നിട്ടുണ്ട്. രാജ്യത്തിന്റെ 250 -ാം വാർഷികം ആഘോഷിക്കുന്ന പരിപാടി ട്രംപ് രാഷ്ട്രീയമായി ദുരുപയോഗിച്ചെന്ന് ഡെമോക്രാറ്റിക് പാർട്ടിയിൽ മുക്കാൽ ഭാഗവും, റിപ്പബ്ലിക്കൻ പാർട്ടിയിൽ പകുതിയും ഉൾപ്പെടുന്ന ഭൂരിപക്ഷം അമേരിക്കക്കാരും കരുതുന്നതായി റോയിട്ടേഴ്‌സിന്റെ അഭിപ്രായ വോട്ടെടുപ്പ് വിലയിരുത്തി. 

അമേരിക്കയുടെ 250 -ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ന്യൂയോർക്ക് മേയറും സോഷ്യലിസ്റ്റ് നേതാവുമായ സൊഹ്‌റാൻ മംദാനി മുതലാളിത്തത്തെയും യു എസിന്റെ യുദ്ധക്കൊതിയെയും കടന്നാക്രമിച്ചു. രാജ്യത്ത് കടന്നു കയറിയ കമ്മ്യൂണിസ്റ്റുകളെ തുടച്ചു നീക്കുമെന്ന ട്രംപിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് മംദാനിയുടെ ഈ രൂക്ഷ വിമർശനം. “ ലോകചരിത്രത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്ത് കുറച്ച് കുട്ടികൾ വിശപ്പോടെ ഉറങ്ങാൻ പോകുമ്പോൾ, ലോകത്തിലെ ആദ്യ ട്രില്യണയർ കൂടുതൽ സമ്പത്തിനായി വിലപേശുന്നു. എല്ലാ വ്യവസായങ്ങളിലും ആധിപത്യം പുലർത്തുന്ന കുത്തകകളെയും തിരഞ്ഞെടുപ്പുകൾ വിലയ്‌ക്കെടുക്കുന്ന പ്രഭുക്കന്മാരെയും ഇവിടെ കാണാം”. യു എസ് മുതലാളിത്ത നയത്തെ വിമർശിച്ചു കൊണ്ട് മംദാനി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾ പൂർണ്ണമായി സാക്ഷാത്ക്കരിക്കാൻ അമേരിക്കയ്ക്ക് ഇപ്പോഴും ആയിട്ടില്ലെന്ന് പറഞ്ഞ മംദാനി കുടിയേറ്റക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും ദുരിതം ഉയർത്തിക്കാട്ടി. ‘നമ്മുടെ ഈ വലിയ സമ്പത്ത് കെട്ടിപ്പടുത്തത് കഠിനാധ്വാനം കൊണ്ട് കൈകളിൽ തഴമ്പ് വീണ മനുഷ്യരാണ്. എന്നാൽ ആ സമ്പത്തിന്റെ വലിയൊരു പങ്ക് വളരെ കുറച്ചു പേരുടെ മൃദുലമായ കൈകളിൽ ഒതുങ്ങാൻ ഈ രാജ്യം അനുവദിച്ചു’. അമേരിക്കൻ സമൂഹത്തിലെ ആഴത്തിലുള്ള വിടവുകളെ മംദാനി തുറന്നുകാട്ടി. 

‘നമ്മുടെ നികുതിപ്പണം ബോംബുകൾക്കും കമ്പനികളെ രക്ഷപ്പെടുത്താനും ചെലവാക്കുമ്പോൾ ഏറ്റവും കൂടുതൽ പണം നൽകുന്നയാൾക്ക് നാം നമ്മുടെ തെരഞ്ഞെടുപ്പുകൾ വിൽക്കുമ്പോൾ ഞാൻ അമേരിക്കയെ കാണുന്നു’, അദ്ദേഹം പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് വ്യവസായത്തെയും യു എസിന്റെ വിദേശ ഇടപെടലുകളേയും മംദാനി ശക്തമായ ഭാഷയിൽ വിമർശിച്ചു. മംദാനിയുടെ രൂക്ഷവിമർശനം ട്രംപ് അടക്കമുള്ള തീവ്ര വലതുപക്ഷക്കാർക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കിയിരിക്കുകയാണ്.

അമേരിക്കയും, ലോകത്തിലെ മഹാഭൂരിപക്ഷം രാജ്യങ്ങളും വലിയ മാറ്റങ്ങൾക്ക് ഇന്ന് വിധേയമായിട്ടുണ്ട്. പുരോഗമന ചിന്താഗതികൾ വ്യാപകമായ ഈ കാലഘട്ടത്തിൽ ഭരണാധികാരി വർഗ്ഗത്തിന്റെ വികാരമല്ല ലോകത്തെ എല്ലാ രാജ്യങ്ങളിലേയും ജനങ്ങൾക്കുള്ളത്. മാർസിസം കാലഹരണപ്പെട്ടതെന്ന് ട്രംപും കമ്മ്യൂണിസ്റ്റ് വിരുദ്ധരും പറയുമ്പോഴും ഈ പ്രത്യയശാസ്ത്രം അമേരിക്കയിൽ പോലും ശക്തിപ്പെടുകയും, അതിന്റെ അടിസ്ഥാനത്തിലുള്ള ബഹുജന പ്രക്ഷോഭങ്ങൾ വ്യാപകമായി അലയടിച്ചുയരുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. കുറച്ചെങ്കിലും ഇടതുപക്ഷ ചിന്താഗതിക്കാർ അമേരിക്കൻ പാർലമെന്റ് തിരഞ്ഞെടുപ്പിലും ലോക്കൽ ബോഡി ഇലക്ഷനിലും വിജയിച്ചത് ഇതിന്റെ ഭാഗം തന്നെയാണ്. 

സോവിയറ്റ് റഷ്യയുടെ തകർച്ചാ സമയത്ത് “കമ്മ്യൂണിസ്റ്റ് ദൈവം മരിച്ചു. ഇനി അതിനെ ആരും ഭയപ്പെടേണ്ടതില്ല” എന്ന് വിളംബരം ചെയ്ത അമേരിക്കൻ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജിഹ്വകളുടെ കണക്കുകളാണ് തെറ്റിയത്. എന്നാൽ അതിനുശേഷം ലോകത്തെ വിവിധ രാജ്യങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ കൂടി തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വീണ്ടും അധികാരത്തിൽ വന്നത് ലോകം കണ്ടു. ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് ലോകത്തിൽ കൂടുതൽ രാജ്യങ്ങളിൽ ഗവൺമെന്റിന് നേതൃത്വം കൊടുക്കുന്ന ആശയം മാർക്‌സിസം തന്നെയാണെന്നുള്ളതാണ് വസ്തുത. ഈ യാഥാർത്ഥ്യം വിസ്മരിച്ചു കൊണ്ടും മാർക്‌സിസ്റ്റ് വിരുദ്ധ പ്രചരണം നടത്തിക്കൊണ്ടും അധികകാലം മുന്നോട്ട് പോകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇനി കഴിയുമെന്ന് തോന്നുന്നില്ല.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img