12:13am 12 June 2026
NEWS

ട്രംപിന്റെ പുതിയ ഭീഷണി; ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്; ഇന്നു രാത്രിയിൽ ഇറാനെതിരേ ആക്രമണം ശക്തമാക്കുമെന്നും പ്രഖ്യാപനം

11/06/2026  08:25 PM IST
nila
  ട്രംപിന്റെ പുതിയ ഭീഷണി; ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്; ഇന്നു രാത്രിയിൽ ഇറാനെതിരേ ആക്രമണം ശക്തമാക്കുമെന്നും പ്രഖ്യാപനം

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ മൂന്നാം ദിവസവും തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച രാത്രി ഇറാനെതിരേ കൂടുതൽ ശക്തമായ ആക്രമണം നടത്തുമെന്നും ഇറാന്റെ പ്രധാന എണ്ണകേന്ദ്രമായ ഖാർഗ് ദ്വീപ് അമേരിക്കയുടെ നിയന്ത്രണത്തിലാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പുതിയ പരാമർശങ്ങൾ നടത്തിയത്. ഇറാന്റെ നാവിക-വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഏറെക്കുറെ തകർന്നതായും അമേരിക്കൻ സൈന്യം നിർണായക മേൽക്കൈ നേടിയതായും അദ്ദേഹം അവകാശപ്പെട്ടു.

ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപ് ഭാവിയിൽ അമേരിക്കയുടെ നിയന്ത്രണത്തിലാകുമെന്നും, വെനസ്വേലയിലെ നടപടികൾക്ക് സമാനമായി ഇറാന്റെ എണ്ണ-വാതക മേഖലയിലും നിയന്ത്രണം സ്ഥാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന ഖാർഗ് ദ്വീപിലൂടെയാണ് രാജ്യത്തിന്റെ എണ്ണക്കയറ്റുമതിയുടെ ഭൂരിഭാഗവും നടക്കുന്നത്.

ഇറാനുമായുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് മാർച്ച് മാസത്തിലും ഖാർഗ് ദ്വീപിലെ സൈനിക സംവിധാനങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയിരുന്നു. അന്ന് ദ്വീപിലെ പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്ന അവകാശവാദവും ട്രംപ് ഉന്നയിച്ചിരുന്നു.

അതേസമയം, ഹോർമുസ് കടലിടുക്കിന് സമീപം തങ്ങളുടെ സൈനിക ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടെന്ന അമേരിക്കയുടെ ആരോപണത്തിന് പിന്നാലെയാണ് പുതിയ ആക്രമണങ്ങൾ ആരംഭിച്ചത്. ഇതോടെ പശ്ചിമേഷ്യയിലെ സുരക്ഷാസാഹചര്യം വീണ്ടും കടുത്ത ആശങ്കയിലായിരിക്കുകയാണ്.

അമേരിക്കൻ നടപടികൾക്ക് മറുപടിയായി ജോർദാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഒമാൻ തീരത്തിനടുത്ത് പലാവു പതാകയുള്ള ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img