02:30am 07 November 2026
NEWS
ട്രംപ്-സെലൻസ്‌കി ചർച്ചക്കിടെ വാക്കേറ്റവും വെല്ലുവിളിയും
01/03/2025  08:48 AM IST
nila
 ട്രംപ്-സെലൻസ്‌കി ചർച്ചക്കിടെ വാക്കേറ്റവും വെല്ലുവിളിയും

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ്‌ വൊളോദിമിർ സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ വാക്കേറ്റവും വെല്ലുവിളിയും. യുക്രൈൻ - റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന ട്രംപിന്റെ നിർദ്ദേശം സെലൻസ്കി തള്ളിയതാണ് കൂടിക്കാഴ്ച്ച വാക്കേറ്റത്തിൽ കലാശിച്ചത്. ഇതോടെ സെലൻസ്കിക്കൊപ്പം നടത്താനിരുന്ന സംയുക്ത വാർത്താ സമ്മേളനം ട്രംപ് റദ്ദാക്കി. ഇതിന് പിന്നാലെ അപൂർവ ധാതുക്കരാറിൽ ഒപ്പുവെക്കാതെ സെലൻസ്കിയും വൈറ്റ് ഹൗസിൽ നിന്നും മടങ്ങി. 

റഷ്യൻ പ്രസിഡന്റുമായി സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. എന്നാൽ, റഷ്യക്കെതിരേ പ്രതിരോധം തീർക്കാനുള്ള പിന്തുണയും യുദ്ധാനന്തരമുള്ള സുരക്ഷാ ഉറപ്പും നൽകണമെന്ന് സെലെൻസ്കി നിലപാടെടുത്തു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.സെലെൻസ്കി യു.എസിനോട്‌ കാണിക്കുന്നത്‌ നന്ദികേടാണെന്ന്‌ ട്രംപ് പറഞ്ഞു. സെലെൻസ്കിയെ നന്ദിപറയാൻ നിർബന്ധിക്കുകയും ചെയ്തു. 35000 കോടി ഡോളറിന്റെ സഹായം യു.എസ്. നിങ്ങൾക്ക് നൽകി. നിങ്ങൾക്ക് സൈനികോപകരണങ്ങൾ പോലുമില്ലായിരുന്നു. യു.എസ്. പിന്തുണയില്ലായിരുന്നെങ്കിൽ യുദ്ധത്തിൽ എന്നേ അടിപതറിയേനെയെന്നും ട്രംപ് സൂചിപ്പിച്ചു. നിങ്ങളുടെ രാജ്യം വലിയ അപകടത്തിലാണെന്നും ജയിക്കാൻ കഴിയില്ലെന്നും മുന്നറിയിപ്പ് നൽകി.

നിങ്ങളൊരിക്കലെങ്കിലും നന്ദി പറഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ച വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്‌ അമേരിക്കൻ മാധ്യമങ്ങളുടെ മുന്നിൽ നന്ദി പറയണമെന്ന്‌ ആവശ്യപ്പെട്ടു. യുക്രൈൻകാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ താങ്കൾ എന്നെങ്കിലും അവിടെ വന്നിട്ടുണ്ടോയെന്ന് വാൻസിനോട് സെലെൻസ്കി തിരിച്ചുചോദിച്ചു. വാക്കുതർക്കം വെല്ലുവിളിയിലേക്ക് മാറിയതോടെ ചർച്ച അവസാനിപ്പിച്ച് സെലൻസ്കി വൈറ്റ് ഹൗസിന്റെ പടിയിറങ്ങി.

കഴിഞ്ഞദിവസം ഇരുരാജ്യങ്ങളും ധാരണയിലെത്തിയ  പ്രകൃതിവിഭവക്കരാറിൽ ഒപ്പിടാനും സെലെൻസ്കി തയ്യാറായില്ല. യുക്രൈന്റെ അത്യപൂർവ ധാതുസമ്പത്തിൽ ഒരു പങ്കിന്റെ അവകാശം യു.എസിന്‌ നൽകുന്നതിനുള്ള കരാറായിരുന്നു ഒപ്പിടേണ്ടിയിരുന്നത്‌. യുക്രൈനുള്ള സുരക്ഷാഉറപ്പ് വാഗ്ദാനം ചെയ്യാത്തതാണ് കരാർ. റഷ്യയ്ക്കെതിരേയുള്ള യുദ്ധത്തിന് നൽകിയ സഹായത്തിനു പ്രതിഫലമായാണ് യുക്രൈന്റെ പ്രകൃതിവിഭവങ്ങളിലെ വരുമാനത്തിന്റെ പങ്ക് യു.എസ്. ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img