10:12pm 10 November 2026
NEWS
ട്രംപ് - പുടിൻ ചർച്ച പൂർണവിജയത്തിലെത്തിയില്ല
16/08/2025  07:30 AM IST
nila
ട്രംപ് - പുടിൻ ചർച്ച പൂർണവിജയത്തിലെത്തിയില്ല

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ട്രംപ് - പുടിൻ ചർച്ചയിൽ അന്തിമ കരാറായില്ല. അതേസമയം, ചർച്ചയിൽ പുരോ​ഗതിയുണ്ടെന്നായിരുന്നു ഇരു നേതാക്കളുടെയും പ്രതികരണം. വൈകാതെ തന്നെ ലക്ഷ്യം കാണുമെന്നും ചർച്ചക്കു പിന്നാലെ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ഇരുവരും വ്യക്തമാക്കി. അലാസ്കയിൽ മൂന്നു മണിക്കൂറാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനും ചർച്ച നടത്തിയത്. 

അടച്ചിട്ട മുറിയിലെ മൂന്നു മണിക്കൂർ നീണ്ട ചർച്ച അവസാനിച്ചതിന് പിന്നാലെയാണ് ട്രംപും പുടിനും സംയുക്ത വാർത്താസമ്മേളനം നടത്തിയത്. തികച്ചും പരസ്പര ബഹുമാനത്തോടെയുള്ള അന്തരീക്ഷത്തിലാണ് ചർച്ചകൾ നടന്നതെന്ന് ഇരു നേതാക്കളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ചർച്ചയിലെ വിശദാംശങ്ങളിലേക്ക് ഇരുവരും കടന്നില്ല. 

ചർച്ച പൂർണ വിജയമായില്ലെങ്കിലും ഉടൻ അത്തരമൊരു സാഹചര്യം സംജാതമാകുമെന്ന സൂചനയാണ് ഇരുവരും പങ്കുവെച്ചത്.  അന്തിമ കരാറിലേക്ക് എത്താനായിട്ടില്ലെന്നും എന്നാൽ ചർച്ചയിൽ വലിയ പുരോഗതിയുണ്ടെന്നും ട്രംപ് പറഞ്ഞു. വൈകാതെ തന്നെ ആ ലക്ഷ്യത്തിലെത്താനാകും. ചർച്ചയിലുണ്ടായ ധാരണകളെ കുറിച്ച് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുമായും നാറ്റോ നേതാക്കളുമായും സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പുടിനുമായി നേരിട്ടുള്ള ചർച്ച തുടരുമെന്ന സൂചനയും ട്രംപ് നൽകി.

ചർച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കുന്ന നീക്കങ്ങൾക്ക് യുക്രൈനോ യൂറോപ്യൻ രാജ്യങ്ങളോ മുതിരരുതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുക്രൈൻ യുദ്ധം അവസാനിക്കണമെങ്കിൽ റഷ്യയുടെ ആശങ്കകൾ പരിഹരിക്കപ്പെടണം. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങൾ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ദീർഘകാലത്തേക്കുള്ള സമാധാനം ഉണ്ടാവണമെങ്കിൽ ഈ സംഘർഷങ്ങളുടെ മൂലകാരണങ്ങൾ ഇല്ലാതാവണം. യുക്രൈൻ തങ്ങളുടെ സഹോദര രാജ്യമാണ്. യുക്രൈന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന കാര്യത്തിൽ താൻ പ്രസിഡന്റ് ട്രംപിനോട് യോജിക്കുന്നു. ഇന്ന് തങ്ങൾ എത്തിച്ചേർന്ന ധാരണകൾ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള പാത തുറക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും പുടിൻ പറഞ്ഞു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img