
വാഷിങ്ടൺ: ഇറാൻ സംഘർഷത്തിൽ പുതിയ വഴിത്തിരിവ്. രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്ന കർശന നിബന്ധനയോടെയാണ് ട്രംപ് വെടിനിർത്തലിനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള അമേരിക്ക നൽകിയ അന്ത്യശാസനസമയം അവസാനിക്കാനിരിക്കെ തന്നെയാണ് ട്രംപ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനിക മേധാവി അസീം മുനീറും ട്രംപുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഈ നീക്കം.
ഇറാനെതിരായ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പാകിസ്താൻ നേതാക്കൾ ഇടപെട്ടുവെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി. ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറാണെങ്കിൽ, രണ്ടാഴ്ചത്തേക്ക് ആക്രമണം നിർത്തിവെക്കാൻ അമേരിക്ക സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഇരുപക്ഷ വെടിനിർത്തലായി കാണാമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഇറാനെതിരായ സൈനിക നടപടികൾക്ക് മുമ്പ് രണ്ടാഴ്ച സമയം കൂടി അനുവദിക്കണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഈ സമയത്ത് നയതന്ത്ര ചർച്ചകൾ ശക്തമാക്കി യുദ്ധഭീഷണി പൂർണമായും ഒഴിവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.











