08:45pm 09 November 2026
NEWS
തിരുവനന്തപുരം മെട്രോ പദ്ധതിക്ക് വീണ്ടും ജീവൻ വെക്കുന്നു
11/06/2025  06:19 PM IST
nila
തിരുവനന്തപുരം മെട്രോ പദ്ധതിക്ക് വീണ്ടും ജീവൻ വെക്കുന്നു

തിരുവനന്തപുരം മെട്രോ പദ്ധതി ചർച്ചചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോ​ഗം ചേർന്നു. തിരുവനന്തപുരം എംപി ശശി തരൂരാണ് ഓൺലൈനായി യോ​ഗം ചേർന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. യോ​ഗം ക്രിയാത്മകമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ചില നിർദ്ദേശങ്ങളെക്കുറിച്ച് കൂടിയാലോചിക്കുന്നതിനായി ബന്ധപ്പെട്ടവർ ഉൾപ്പെടുന്ന ഒരു ഉപദേശക സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചെന്നും തരൂർ അറിയിച്ചു. മെട്രോപദ്ധതിയുടെ രൂപരേഖയും തരൂർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. 

തരൂർ പങ്കുവെച്ച പോസ്റ്റിലെ ആൾട്ടർനേറ്റ് അലൈൻമെന്റ് -6ൽ പറയുന്നതുപ്രകാരം ആദ്യ ഇടനാഴി കഴക്കൂട്ടം മുതൽ പാപ്പനംകോട് വരെയാണ്. ഇതിൽ ഉള്ളൂർ മുതൽ കരമന വരെ 10 കിലോമീറ്റർ സമ്പൂർണ ഭൂഗർഭ പാതയായിരിക്കും. 6775 കോടി രൂപയാണ് ഇതിന് ചെലവ്. രണ്ടാം ഇടനാഴി കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരേ ആയിരിക്കും. കഴക്കൂട്ടം മുതൽ ആക്കുളം വരെ 6.5 കിലോമീറ്ററും ഈഞ്ചക്കൽ മുതൽ കിള്ളിപ്പാലം വരേയും ഭൂഗർഭപാതയായിരിക്കും. 5775 കോടിയാണ് നിർമ്മാണ ചെലവ്. മൂന്നാം ഇടനാഴി പാളയം മുതൽ സിവിൽ സ്റ്റേഷൻ വരേ ആയിരിക്കും. ഇതിൽ ആറ് കിലോമീറ്റ വരെ ഭൂഗർഭപാതയായിരിക്കും. 2700 കോടിയായിരിക്കും ഇതിന്റെ നിർമ്മാണ ചിലവ്. മ്യൂസിയം, വെള്ളയമ്പലം, കവടിയാർ, പേരൂർക്കട, സിവിൽ സ്റ്റേഷൻ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ അലൈൻമെന്റ്.

ശരിയായ സമീപനത്തിലൂടെ, തിരുവനന്തപുരത്തെ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു തലസ്ഥാന നഗരമാക്കി മാറ്റാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് തരൂർ ഫേസ്ബുക്കിൽ കുറിച്ചു. ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റുകയും നിർമ്മാണ സമയത്തെ തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യുമ്പോൾ തന്നെ വരും തലമുറകളുടെ ആവശ്യങ്ങൾ മുൻകൂട്ടി കാണുക എന്നതായിരിക്കണം നമ്മുടെ ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img