
തിരുവനന്തപുരം കണിയാപുരത്തെ വിജിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. കാരിച്ചാറയിൽ സ്വദേശിനി കണ്ടൽ നിയാസ് മൻസിലിൽ വിജി എന്നു വിളിക്കുന്ന ഷാനുവിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. വിജിയുടെ ആഭരണങ്ങളും മൊബൈലും നഷ്ടമായെന്ന് മനസ്സിലായതിന് പിന്നാലെയാണ് യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുനെൽവേലി സ്വദേശി രങ്കനായി പൊലീസ് അന്വേഷണം ആരംഭിച്ചത്.
യുവതിയുടെ ഭർത്താവ് മരിച്ചുപോയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി രങ്കൻ യുവതിക്കൊപ്പമായിരുന്നു താമസം. ഇരുവരും ഒരേ ഹോട്ടലിലെ ജോലിക്കാരായിരുന്നു. രാവിലെ എട്ടരയോടെ വിജിയുടെ മക്കൾ സ്കൂളിലേക്ക് പോകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ സ്കൂൾ വിട്ടെത്തിയ പെൺമക്കളാണ് 33കാരിയായ വിജിയെ ഹാളിൽ മരിച്ചുകിടന്ന നിലയിൽ കണ്ടെത്തിയത്.
വിജിയുടെ മരണത്തിന് ശേഷം രങ്കനെപറ്റി ഒരു സൂചനയുമില്ല. ട്രെയിൽ മാർഗം ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. പ്ലസ് വൺ, ആറാം ക്ലാസ് വിദ്യാർത്ഥിനികളാണ് വിജിയുടെ മക്കൾ. ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.










