
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ ട്രെയിന് മുന്നിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. പത്തനംതിട്ട സ്വദേശിനി മേഘയുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം ഐബിക്കും പേട്ട പൊലീസിനും പരാതി നൽകി.
അതേസമയം, പ്രണയനൈരാശ്യത്തെ തുടർന്നാണ് മേഘ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഐബിയിലെ ഒരു ഉദ്യോഗസ്ഥനുമായി യുവതി പ്രണയത്തിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ബന്ധത്തിൽ നിന്നും യുവാവ് പിന്മാറിയ മനോവിഷമത്തിൽ മേഘ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിൻ്റെ നിഗമനം.
എന്നാൽ, മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവൻ സന്തോഷ് ശിവദാസൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന മേഘ. പത്തനംതിട്ട സ്വദേശിയാണ് മേഘ. ഇന്നലെ ജോലി കഴിഞ്ഞ് വിമാനത്താളത്തിൽ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.










