
ചെന്നൈ: കോയമ്പത്തൂരിൽ നടി തൃഷ കൃഷ്ണന് ലഭിച്ച വൻ ജനപിന്തുണയാണ് ഇപ്പോൾ തമിഴ്നാട്ടിലെ സിനിമാ-രാഷ്ട്രീയ ലോകത്തെ പ്രധാന ചർച്ചാവിഷയം. ഒരു മൊബൈൽ ഷോറൂമിന്റെ ഉദ്ഘാടനത്തിനായി എത്തിയ താരത്തെ കാണാൻ തടിച്ചുകൂടിയത് ആയിരക്കണക്കിന് ആരാധകരാണ്. തൃഷയുടെ രാഷ്ട്രീയ പ്രവേശന സാധ്യതയുമായി ചേർത്തുവച്ചാണ് ഈ ജനക്കൂട്ടത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്.
തുറന്ന വാഹനത്തിൽ സഞ്ചരിച്ചുകൊണ്ട് ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുന്ന തൃഷയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താരത്തെ അടുത്തുകാണാൻ റോഡിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം ഗതാഗതത്തെയും ബാധിച്ചു. വാഹനത്തിന് സമീപമെത്തി കൈ നീട്ടിയ ആരാധകർക്ക് തൃഷ കൈകൊടുത്തതും ആവേശം വർധിപ്പിച്ചു. താരത്തിന്റെ വരവോടെ പ്രദേശം ഏതാണ്ട് ഒരു റാലിയുടെ പ്രതീതിയിലായി.
പരിപാടിക്കിടെ തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും ചോദ്യങ്ങളുയർന്നു. എന്നാൽ ചോദ്യങ്ങളോട് പുഞ്ചിരിയോടെ പ്രതികരിച്ച താരം കൂടുതൽ വിശദീകരണങ്ങൾ നൽകാതെ മടങ്ങുകയായിരുന്നു. രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോയമ്പത്തൂരിലെ ജനക്കൂട്ടം പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
തൃഷ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്ക്കൊപ്പം രാഷ്ട്രീയത്തിൽ സജീവമാകുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുന്നവരും കുറവല്ല. എന്നാൽ ഇക്കാര്യത്തിൽ താരത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. വിജയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകളിൽ തൃഷയുടെ പേരും ഉയർന്നുവരുന്നതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്ന വിലയിരുത്തലുകളും ചിലർ പങ്കുവയ്ക്കുന്നുണ്ട്.
തമിഴ്നാട്ടിൽ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. സിനിമാതാരങ്ങളിൽനിന്ന് രാഷ്ട്രീയ നേതാക്കളിലേക്കുള്ള മാറ്റം സംസ്ഥാനത്ത് പുതിയ കാര്യമല്ല. നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെയുടെ രാഷ്ട്രീയ വളർച്ചയും ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടുന്നത്. തൃഷയ്ക്ക് കോയമ്പത്തൂരിൽ ലഭിച്ച സ്വീകരണം രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയാണോ അതോ താരത്തോടുള്ള ആരാധകരുടെ സ്നേഹപ്രകടനം മാത്രമാണോ എന്നതാണ് ഇനി അറിയേണ്ടത്.
#trisha https://t.co/Lbo2HS8YbD
— M G N (@ManikandanGN3) October 24, 2026










