02:19am 28 May 2026
NEWS
തൃണമൂൽ കോൺ​ഗ്രസ് പിളർപ്പിലേക്ക്? വലിയൊരു വിഭാ​ഗം ബിജെപിയിൽ ലയിക്കുമെന്ന് അവകാശവാദം
27/05/2026  01:21 PM IST
nila
തൃണമൂൽ കോൺ​ഗ്രസ് പിളർപ്പിലേക്ക്? വലിയൊരു വിഭാ​ഗം ബിജെപിയിൽ ലയിക്കുമെന്ന് അവകാശവാദം

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ബിജെപി എംപി സൗമിത്ര ഖാൻ. തൃണമൂൽ കോൺഗ്രസിലെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് മാറാൻ തയ്യാറാണെന്നും കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപി അനുമതി നൽകിയാൽ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടിയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുമെന്നും ഖാൻ പറഞ്ഞു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺ​ഗ്രസിൽ നേതാക്കൾ കൂട്ടത്തോടെ രാജിവെക്കുന്നതിനിടെയാണ് സൗമിത്ര ഖാന്റെ അവകാശവാദം.

തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെ രൂക്ഷ വിമർശനവും സൗമിത്ര ഖാൻ ഉയർത്തി. അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ നേതാക്കൾ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും 2021-ൽ ബിജെപി പ്രവർത്തകർക്കെതിരെ നടന്ന അതിക്രമങ്ങളുടെ പ്രത്യാഘാതമാണ് ഇപ്പോൾ പാർട്ടി അനുഭവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങളെ തൃണമൂൽ കോൺഗ്രസ് ശക്തമായി നിഷേധിച്ചു. ബിജെപി നേതാവ് അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുകയാണെന്നും പാർട്ടിയിൽ വലിയ തോതിലുള്ള ചേരിപ്പോക്കോ പിളർപ്പോ ഇല്ലെന്നും തൃണമൂൽ എംപി സൗ​ഗത റോയ് പ്രതികരിച്ചു.

ഇതിനിടെ, സംസ്ഥാനത്തെ വിവിധ നഗരസഭകളിൽ നിന്ന് തൃണമൂൽ കൗൺസിലർമാരുടെ രാജി തുടരുകയാണ്. ഭട്ട്പാര നഗരസഭയിൽ 35 അംഗങ്ങളിൽ 30 പേരും രാജിവെച്ചതോടെ ഭരണസംവിധാനം പ്രതിസന്ധിയിലായി. ഹാലിസഹർ, കാഞ്ചൻപാറ നഗരസഭകളിലും സമാന സാഹചര്യമാണുള്ളത്. പാർട്ടിക്കുള്ളിലെ അസംതൃപ്തിയും ഭരണപരമായ വീഴ്ചകളുമാണ് രാജിക്ക് പിന്നിലെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img