
ന്യൂഡൽഹി: നിലമ്പൂർ മുൻ എംഎൽഎ പി വി അൻവർ ഫ്രോഡ് ആണെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. അൻവർ രാഷ്ട്രീയമായി സ്ഥിരതയില്ലാത്ത ആളാണെന്നും ഫ്രോഡാണെന്ന് പാർട്ടിക്ക് വ്യക്തമായതോടെ പിന്തുണ പിൻവലിച്ചെന്നും തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറി വി ശിവദാസൻ വ്യക്തമാക്കി. കേരളത്തിലെ എൽഡിഎഫിലെയും യുഡിഎഫിലെയും നിരവധി നേതാക്കൾ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നായിരുന്നു അൻവർ ദേശീയ നേതൃത്വത്തെ വിശ്വസിപ്പിച്ചിരുന്നത്. വിവിധ പാർട്ടികളിലെ നിരവധി പ്രമുഖ നേതാക്കൾ തൃണമൂൽ കോൺഗ്രസിലേക്ക് എത്താൻ താൽപര്യം പ്രകടിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് അൻവർ ദേശീയ നേതൃത്വത്തിന് അയച്ച കത്തും പാർട്ടി പുറത്തുവിട്ടു.
'അൻവർ ജയിക്കില്ല. അദ്ദേഹത്തിന് രാഷ്ട്രീയ സ്ഥിരതയില്ല. ഇന്ന് പറയുന്നത് അല്ല, നാളെ പറയുന്നത്. അങ്ങനൊരു ഫ്രോഡ് ആണ് പി വി അൻവർ. ഇയാളൊരു ഫ്രോഡ് ആണെന്ന് തൃണമൂൽ കോൺഗ്രസിന് മനസിലായി. ഇയാളെ വെച്ച് കേരളത്തിൽ തൃണമൂൽ കോൺഗ്രസിനെ വളർത്താൻ പറ്റില്ലെന്ന് മനസിലായി. അതുകൊണ്ട് പിന്തുണ നിർത്തിവെച്ചു'. വി ശിവദാസൻ പറഞ്ഞു.
യു പ്രതിഭ, കെ കെ രമ, കോവൂർ കുഞ്ഞുമോൻ, കെ പി മോഹനൻ, തോമസ് കെ തോമസ് തുടങ്ങിയ നേതാക്കൾ തൃണമൂൽ കോൺഗ്രസിലേക്ക് വരാൻ താൽപര്യം കാണിക്കുന്നുണ്ടെന്ന് അൻവർ കത്തിൽ പറയുന്നുണ്ട്. ജി സുധാകരൻ, ഷൈൻ ടീച്ചർ, കാരാട്ട് റസാഖ്, ടി കെ നൗഷാദ്, എ വി ഗോപിനാഥ്, സി കെ പദ്മനാഭൻ, ജോസ് കെ ബേബി, ഹുസൈൻ രണ്ടത്താണി, രാജേന്ദ്രൻ ഇടുക്കി, സി ദിവാകരൻ, എ അസീസ്, ഷിബു ബേബി ജോൺ, തോമസ് ചാഴിക്കാടൻ, കെ കെ ഷാജു, സുരേഷ് കുറുപ്പ്, മുഹമ്മദ് ഇഖ്ബാൽ, പി സി തോമസ്, സഭാ വേങ്ങര, റോസക്കുട്ടി ടീച്ചർ, അഡ്വ. റഷീദലി, ഉമേഷ് ചാലിയിൽ, എം പി ഫൈസൽ, ഐ എം വിജയൻ തുടങ്ങിയ നേതാക്കൾ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അൻവർ കത്തിൽ പറയുന്നുണ്ട്.
ഇന്നലെ എറണാകുളത്ത് ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായി പി വി അൻവർ അറിയിച്ചത്. ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത് തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചതായി പി വി അൻവർ അറിയിച്ചു.
കോൺഗ്രസുമായി ഐക്യപ്പെടുന്ന ഏത് രാഷ്ട്രീയ നീക്കത്തേയും പിന്തുണക്കാൻ പ്രയാസമുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം ബോധ്യപ്പെടുത്തിയതായി പി വി അൻവർ പ്രതികരിച്ചിരുന്നു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിഷയങ്ങളിൽ കോൺഗ്രസിനെ പിന്തുണയ്ക്കാതെ ആരെ പിന്തുണയ്ക്കും എന്ന ചോദ്യം നിൽക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചതെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ കൂടിയായിരുന്നു പി വി അൻവർ വിശദീകരിച്ചിരുന്നു.










