11:08pm 08 June 2026
NEWS
മമത ബാനർജി ഇന്ത്യാ മുന്നണി യോഗത്തിൽ പങ്കെടുക്കുന്നതിനിടെ തൃണമൂൽ എംപിമാർ ബിജെപി ക്യാമ്പിലെത്തി
08/06/2026  03:46 PM IST
nila
മമത ബാനർജി ഇന്ത്യാ മുന്നണി യോഗത്തിൽ പങ്കെടുക്കുന്നതിനിടെ തൃണമൂൽ എംപിമാർ ബിജെപി ക്യാമ്പിലെത്തി

ന്യൂഡൽഹി: ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെ നിർണായക യോഗം പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് വഴിവെക്കുന്ന സംഭവവികാസങ്ങൾ. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി യോഗത്തിൽ പങ്കെടുക്കുന്നതിനിടെ, പാർട്ടിയിലെ ഒരു വിഭാഗം എംപിമാർ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദ്ര യാദവിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അടുത്തിടെ രാജ്യസഭാ അംഗത്വം രാജിവെച്ച തൃണമൂൽ നേതാവ് സുകേന്ദു ശേഖർ റോയിയുടെ നേതൃത്വത്തിലാണ് എംപിമാർ യോഗത്തിൽ പങ്കെടുത്തതെന്നാണ് സൂചന. സുകേന്ദു ശേഖർ റോയിയോടൊപ്പം നിരവധി തൃണമൂൽ എംപിമാർ ഭൂപേന്ദ്ര യാദവിന്റെ വസതിയിൽ സന്നിഹിതരായിരുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും യോഗസ്ഥലത്തെത്തിയിരുന്നു. തൃണമൂലിന്റെ 29 ലോക്‌സഭാ അംഗങ്ങളിൽ 14 പേർ വരെ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തുമെന്ന സൂചനകളും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. രാജ്യസഭയിലെയും ലോക്‌സഭയിലെയുമായി ഏകദേശം 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്ക് മാറാനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽപ്പെടാതെ രാഷ്ട്രീയ നീക്കങ്ങൾ നടത്താനാകുമോ എന്നതാണ് വിമതർ പ്രധാനമായും ചർച്ച ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇതിനിടെ, ബംഗാൾ നിയമസഭയിലെ ഒരു വിഭാഗം തൃണമൂൽ എംഎൽഎമാരും വിമത നിലപാടിലേക്ക് നീങ്ങുന്നുവെന്ന സൂചനകളുണ്ട്. വിമത നീക്കം തടയുന്നതിനായി മമതാ ബാനർജി നേരിട്ട് എംപിമാരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചിലരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ലോക്‌സഭയിലും രാജ്യസഭയിലുമായി 41 അംഗങ്ങളാണ് തൃണമൂൽ കോൺഗ്രസിനുള്ളത്.

ടിഎംസി ലോക്‌സഭാ എംപി പ്രസൂൺ ബാനർജിയുൾപ്പെടെ ചില പ്രമുഖ നേതാക്കളും ബിജെപി നേതൃത്വവുമായി നടന്ന ചർച്ചയിൽ പങ്കെടുത്തു എന്നാണ് റിപ്പോർട്ട്. മമതാ ബാനർജിയും അഭിഷേക് ബാനർജിയും ഇന്ത്യാ മുന്നണി യോഗത്തിൽ പങ്കെടുക്കുന്ന സമയത്തുതന്നെയാണ് വിമത വിഭാഗം ബിജെപിയുമായി ചർച്ച നടത്തിയത്. അതേസമയം, ബംഗാളിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഋതബ്രത ബാനർജിയും സുകേന്ദു ശേഖർ റോയിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img