
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു പിന്നാലെ തൃണമൂൽ കോൺഗ്രസിൽ തുടരുന്ന ആഭ്യന്തര പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് രണ്ട് എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് പുറത്താക്കി. എംഎൽഎമാരായ സന്ദീപൻ സാഹയെയും ഋത്പ്രത ബാനർജിയെയുംതിരെയാണ് നടപടി സ്വീകരിച്ചത്. പാർട്ടി നേതൃത്വം വിളിച്ചുചേർത്ത യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയും സംഘടനയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തതാണ് പുറത്താക്കലിന് കാരണമെന്ന് നേതൃത്വം അറിയിച്ചു. പാർട്ടി വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യയാണ് ഇക്കാര്യം അറിയിച്ചത്.
തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കും എംപി കല്യാൺ ബാനർജിക്കുമെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഞായറാഴ്ച പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു. എന്നാൽ 80 എംഎൽഎമാരിൽ വെറും 20 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. ആവശ്യമായ അംഗങ്ങളുടെ അഭാവത്തെ തുടർന്ന് യോഗം പിന്നീട് റദ്ദാക്കുകയായിരുന്നു.
യോഗത്തിൽ നിന്ന് വിട്ടുനിന്നതും പാർട്ടി വിരുദ്ധ പ്രസ്താവനകളും പ്രവർത്തനങ്ങളും നടത്തിയതുമാണ് ഇരുവർക്കുമെതിരായ നടപടിക്ക് വഴിവെച്ചതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം, യോഗം മുൻകൂട്ടി നിശ്ചയിച്ചതായിരുന്നുവെന്നും ഭൂരിഭാഗം എംഎൽഎമാരും വിവിധ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നതിനാലാണ് ഹാജരാകാതിരുന്നതെന്നും തൃണമൂൽ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം പാർട്ടിയിൽ നിന്നുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണ് പുതിയ അച്ചടക്ക നടപടി.










