
കൊല്ലം: മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ വിട പറയുമ്പോൾ അന്ത്യമാകുന്നത് കേരളത്തിലെ മാധ്യമ പ്രവർത്തന മേഖലയിലെ സമാനതകളില്ലാത്ത ഒരു സംസ്കാരത്തിന് കൂടിയാണ്. അട്ടഹാസവും ആർപ്പുവിളികളും മാധ്യമ പ്രവർത്തനത്തിന്റെ മുഖമുദ്രയായി മാറുന്ന കാലത്തും സൗമ്യമായ ഭാഷയിലൂടെ നിശിത വിമർശനങ്ങൾ ഉയർത്താൻ കഴിഞ്ഞ മാധ്യമപ്രവർത്തകനാണ് കെ ജി പരമേശ്വരൻ നായർ. കേരള കൗമുദിയിലെ സേവന കാലത്തിന് ശേഷം അദ്ദേഹം ദീർഘകാലം കേരളശബ്ദത്തിൽ കോളമിസ്റ്റായിരുന്നു. കേരളശബ്ദത്തിലെ അദ്ദേഹത്തിന്റെ നിരവധി എഴുത്തുകൾക്ക് വിവിധ പരുസ്കാരങ്ങളും ലഭിച്ചിരുന്നു.
ആർ എസ് പി നേതാവായിരുന്ന ടി ജെ ചന്ദ്രചൂഡനാണ് കെ ജി പരമേശ്വരൻ നായരെ കേരളശബ്ദത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്. ചില പ്രത്യേക കാരണങ്ങളാൽ ഇനി എഴുതുന്നില്ല എന്ന് തീരുമാനമെടുത്തതിന് പിന്നാലെയാണ് ടി ജെ ചന്ദ്രചൂഡൻ അദ്ദേഹത്തിന്റെ കാറിൽ കെ ജി പരമേശ്വരൻ നായരെയും കൂട്ടി കേരളശബ്ദത്തിൽ എത്തുന്നത്. അങ്ങനെ കേരളശബ്ദത്തിനു വേണ്ടി കോളമിസ്റ്റാകാൻ കെ ജി പരമേശ്വരൻ നായർ സമ്മതിച്ചു. ഇനി എഴുതില്ലെന്നുറച്ച് മാറ്റിവെച്ച തൂലിക പിന്നീട് കേരളശബ്ദത്തിനു വേണ്ടി ചലിച്ചു തുടങ്ങി.
കേരളീയ പൊതുസമൂഹത്തെ ബാധിക്കുന്ന നിരവധിയനവധിയായ വിഷയങ്ങൾ കെ ജി പരമേശ്വരൻ നായർ കേരളശബ്ദത്തിലൂടെ ലോകത്തെ അറിയിച്ചു. വളരെ സൗമ്യനായ ആ മനുഷ്യൻ ഭയലേശമന്യേ കേരളശബ്ദത്തിൽ തുടർച്ചയായി എഴുതി. ആദ്യം രണ്ടാഴ്ച്ചയിലെരിക്കലായിരുന്നു കേരളശബ്ദത്തിനായി കെ ജി പരമേശ്വരൻ നായർ എഴുതിയിരുന്നതെങ്കിൽ പിന്നീട്, ആഴ്ച്ചതോറും അദ്ദേഹം കേരളശബ്ദത്തിൽ എഴുതി. എത്ര വലിയ വിമർശനങ്ങൾക്കും അദ്ദേഹം പരിധിവിട്ട ഒരു വാക്കുപോലും ഉപയോഗിച്ചിരുന്നില്ല. എന്നാൽ, വിമർശനങ്ങളുടെ കടുപ്പം ഒട്ടും കുറച്ചതുമില്ല. സമ്യതയിലും ഒരു മൂർച്ചയുണ്ട് എന്ന് തെളിയിച്ച മാധ്യമപ്രവർത്തകനായിരുന്നു കെ ജി പരമേശ്വരൻ നായർ. ആളിക്കത്തിയില്ലെങ്കിലും ജ്വാലയായിരുന്ന ആ പോരാളിക്ക് കേരളശബ്ദത്തിന്റെ ആദരാഞ്ജലികൾ...










