04:29pm 12 November 2026
NEWS
കോടതിയെ ഒരു വിശ്രമസ്ഥലമായി ഉപയോഗിക്കുന്ന രീതി; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകയെ രൂക്ഷമായി വിമർശിച്ച് വിചാരണക്കോടതി
12/01/2026  05:34 PM IST
nila
കോടതിയെ ഒരു വിശ്രമസ്ഥലമായി ഉപയോഗിക്കുന്ന രീതി; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകയെ രൂക്ഷമായി വിമർശിച്ച് വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകയെ രൂക്ഷമായി വിമർശിച്ച് വിചാരണക്കോടതി. കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി  അതിജീവിതയുടെ അഭിഭാഷകയെ വിമർശിച്ചത്.  വിചാരണക്കാലത്ത് അഭിഭാഷകയുടെ ഹാജർ അത്യന്തം അപര്യാപ്തമായിരുന്നുവെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്നും, എത്തിയ ദിവസങ്ങളിലും അരമണിക്കൂറിലധികം സമയം കോടതിയിൽ ചെലവഴിക്കാറില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ആ സമയത്തും ഉറങ്ങുന്നതാണ് പതിവെന്ന പരാമർശവും കോടതി നടത്തി.

കോടതിയെ ഒരു വിശ്രമസ്ഥലമായി ഉപയോഗിക്കുന്ന രീതിയിലായിരുന്നു അഭിഭാഷകയുടെ സമീപനമെന്നും, പിന്നീട് കോടതി കാര്യങ്ങൾ കേട്ടില്ല, പരിഗണിച്ചില്ല എന്ന് ആരോപിക്കുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്നും അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഹാജരായിരുന്നില്ല.

കേസിൽ അതിജീവിതയെ പ്രതിനിധീകരിച്ചത് അഡ്വ. ടി.ബി. മിനിയായിരുന്നു. എട്ട് വർഷക്കാലം അതിജീവിതക്ക് വേണ്ടി ഒരു രൂപ പോലും പ്രതിഫലം കൈപ്പറ്റാതെയാണ് താൻ വാദിച്ചതെന്നും, ദിലീപും സംഘവും തനിക്കെതിരെ നടത്തിയ സൈബർ ആക്രമണങ്ങളും കൊലവിളികളും തന്റെ നിലപാട് ശരിയായിരുന്നു എന്നതിന്റെ തെളിവാണെന്നും വിധി വന്നതിന് പിന്നാലെ മിനി പ്രതികരിച്ചിരുന്നു. അതിജീവിതയ്ക്ക് വേണ്ടി വക്കാലത്ത് ഇടാൻ കേരളത്തിലെ മറ്റ് അഭിഭാഷകർ തയ്യാറാകാത്ത സാഹചര്യത്തിലാണ് താൻ കേസ് ഏറ്റെടുത്തതെന്നും അവർ മുമ്പ് വ്യക്തമാക്കിയിരുന്നു. പറവൂർ പീഡന കേസ്, സൂര്യനെല്ലി കേസ്, പെരുമ്പാവൂർ ജിഷ വധക്കേസ് എന്നിവയിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരായിട്ടുള്ളതും അഡ്വ. ടി.ബി. മിനിയാണെന്നതും ശ്രദ്ധേയമാണ്.

അതേസമയം, കോടതിയുടെ വിമർശനം നുണയാണെന്ന് ടിബി മിനി വ്യക്തമാക്കി. കോടതി ഒരു കാര്യവുമില്ലാതെ തന്നെ ആക്രമിക്കുകയാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. എന്തിനാണ് ഇങ്ങനെ കളവ് പറയുന്നതെന്ന് അറിയില്ലെന്നും ടിബി മിനി പറഞ്ഞു. കേസിലെ വാദത്തിൽ പരമാവധി എല്ലാ ദിവസങ്ങളിലും കോടതിയിൽ പോയിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

സീനിയർ അഭിഭാഷകർ സാധാരണ വിചാരണ കോടതിയിൽ ഹാജരാകാറില്ല. അതിജീവിതയ്ക്ക് വേണ്ടി ഫീസ് പോലും വാങ്ങാതെയാണ് താൻ ഹാജരായത്. എന്തിനാണ് കോടതി തന്നെ വ്യക്കിപരമായി ആക്രമിക്കുന്നത്? മെമ്മറി കാർഡ് ചോർന്നത് താൻ കാരണമാണ് ലോകം അറിഞ്ഞത്. ദിലീപിൻറെ ആളുകൾ ആക്രമിച്ചതിൻറെ തുടർച്ചയാണ് ഇപ്പോൾ കോടതി നടത്തുന്നതെന്നും അഡ്വ. ടിബി മിനി കുറ്റപ്പെടുത്തി. പൊതുപരിപാടികളിലടക്കം കേസുമായി ബന്ധപ്പെട്ട് കോടതിയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും ടിബി മിനി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img