12:13pm 31 January 2026
NEWS
വിരൽത്തുമ്പിലെ വിചാരണ; ലൈക്കുകൾക്കായി കൊലക്കയറൊരുക്കുന്ന ഇൻസ്റ്റാഗ്രാം കോടതികൾ
19/01/2026  04:20 PM IST
സുരേഷ് വണ്ടന്നൂർ
വിരൽത്തുമ്പിലെ വിചാരണ; ലൈക്കുകൾക്കായി കൊലക്കയറൊരുക്കുന്ന ഇൻസ്റ്റാഗ്രാം കോടതികൾ

​തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ വിരൽത്തുമ്പുകൾ ഒരു മുഴം കയറിലേക്കോ ഒരാളെ നയിക്കുന്നത് ഇതാദ്യമല്ല. ബസ്സിലെ തിക്കും തിരക്കിനുമിടയിൽ പകർത്തിയ ഒരു വീഡിയോ റീൽ ആയി മാറിയപ്പോൾ, അവിടെ വിചാരണ ചെയ്യപ്പെട്ടത് ഒരു യുവാവിന്റെ അന്തസ്സും ജീവിതവുമായിരുന്നു. കേസും കൂട്ടവുമില്ലാതെ, തെളിവു പരിശോധനകളില്ലാതെ നിമിഷങ്ങൾക്കുള്ളിൽ അയാൾ ഒരു 'വേട്ടക്കാരനായി' മുദ്രകുത്തപ്പെട്ടു. വധശിക്ഷ വരെ വിധിക്കാൻ മടിക്കാത്ത സൈബർ ആൾക്കൂട്ടത്തിന് മുന്നിൽ മറുപടി പറയാൻ ശേഷിയില്ലാതെ ആ യുവാവ് സ്വയം മരണത്തിന് കീഴടങ്ങിയപ്പോൾ, തോറ്റുപോയത് ഇവിടുത്തെ നിയമസംവിധാനം കൂടിയാണ്.

അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ ഇന്ന് എല്ലാവരുടെ കയ്യിലും ക്യാമറകളുണ്ട്. എന്നാൽ ആ ദൃശ്യങ്ങൾ നീതിക്കായി പോലീസിന് നൽകുന്നതിന് പകരം, ലൈക്കുകൾക്കും റീച്ചിനും വേണ്ടി ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വലിച്ചെറിയുമ്പോൾ അത് ആത്മഹത്യാ പ്രേരണയായി മാറുകയാണ് ചെയ്യുന്നത്. ഡോ. സൗമ്യ സരിൻ ചൂണ്ടിക്കാണിച്ചതുപോലെ, വ്യാജമായ നരേറ്റീവുകൾ സൃഷ്ടിച്ച് ഒരാളെ പൊതുമധ്യത്തിൽ അപമാനിക്കുന്നത് നീതിയല്ല, മറിച്ച് ക്രിമിനൽ കുറ്റമാണ്. ഈ പ്രവണത യഥാർത്ഥത്തിൽ പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് കിട്ടേണ്ട സാമൂഹിക പിന്തുണയെപ്പോലും ഇല്ലാതാക്കുന്നു. 

ഓരോ വ്യാജ ആരോപണവും യഥാർത്ഥ അതിക്രമങ്ങളെ സംശയത്തിന്റെ നിഴലിലാക്കുന്നു എന്നതാണ് ക്രൂരമായ സത്യം.​നിയമം കൈയ്യിലെടുക്കുന്ന ഇത്തരം ഡിജിറ്റൽ വിചാരണകൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108  പ്രകാരം ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം നടപടി എടുക്കാൻ സാധിക്കും. (ഐ.പി.സി.306) പ്രൊഫൈലുകൾ ലോക്ക് ചെയ്തും കമന്റ് ബോക്സുകൾ ഓഫാക്കിയും ഈ ഉത്തരവാദിത്തത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാവില്ല. ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവർ ഓർക്കേണ്ടത് ഒന്നേയുള്ളൂ, അപ്പുറത്ത് നിൽക്കുന്നവനും ഒരു ജീവിതമുണ്ട്. നിങ്ങളുടെ സ്ക്രീനിൽ മിന്നിമറയുന്ന ദൃശ്യങ്ങൾ ഒരാളുടെ ശവമഞ്ചത്തിലേക്കുള്ള ദൂരമാകരുത്. നിയമം നടപ്പിലാക്കേണ്ടത് കോടതികളാണ്, സൈബർ ഇടങ്ങളിലെ ആൾക്കൂട്ടമല്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img