10:35pm 14 October 2026
NEWS
ട്രെന്‍ഡ്‌സ് ഇംപ്രസാരിയോ മിസ് കേരള 2026 ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 16ന് കൊച്ചിയില്‍
14/10/2026  08:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ട്രെന്‍ഡ്‌സ് ഇംപ്രസാരിയോ മിസ് കേരള 2026 ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 16ന് കൊച്ചിയില്‍
HIGHLIGHTS

ട്രെന്‍ഡ്സ് ഇംപ്രസാരിയോ മിസ് കേരള 2026 മത്സരാർഥികൾ ഫോട്ടോ ഷൂട്ടിൽ

കൊച്ചി: ട്രെന്‍ഡ്സ് അവതരിപ്പിക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2026-ന്റെ ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 16ന് വൈകുന്നേരം ആറിന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ നടക്കും. കേരളത്തിലെ പ്രമുഖ സൗന്ദര്യമത്സരമായ മിസ് കേരളയുടെ 26-ാമത് പതിപ്പില്‍ 24 ഫൈനലിസ്റ്റുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്.

'അവള്‍ അവള്‍ക്കുവേണ്ടി അവളാല്‍' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. സ്ത്രീകളുടെ വ്യക്തിത്വം, സ്വാതന്ത്ര്യം, ആത്മവിശ്വാസം, സ്വയംനിര്‍ണയാവകാശം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രമേയത്തിലൂടെ സ്ത്രീശാക്തീകരണമാണ് ലക്ഷ്യമിടുന്നത്.

ചടങ്ങില്‍ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിക്കും. സാമൂഹിക മേഖലകളിലെ സംഭാവനകളും ജീവിതകാലത്തെ സേവനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം.

സെപ്റ്റംബര്‍ 26ന് നടന്ന ഫൈനല്‍ ഓഡിഷനിലൂടെയാണ് 24 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ 6 മുതല്‍ 15 വരെ ചീഫ് ഗ്രൂമര്‍ പ്രിയങ്ക ഷായുടെ നേതൃത്വത്തില്‍ ഒമ്പത് ദിവസത്തെ പരിശീലന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. വ്യക്തിത്വവികസനം, ആശയവിനിമയം, വേദിയിലെ അവതരണം, ഫാഷന്‍, സ്‌റ്റൈലിങ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം.

ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്ന് റൗണ്ടുകളാണുള്ളത്. പൂണോലില്‍ ഡിസൈന്‍സുമായി സഹകരിച്ചുള്ള പരമ്പരാഗത സാരി റൗണ്ട്, ട്രെന്‍ഡ്സിന്റെ സമകാലിക ഇന്ത്യന്‍, ഡെനിം ഉള്‍പ്പെടെയുള്ള വെസ്റ്റേണ്‍, ഇന്‍ഡോ- വെസ്‌റ്റേണ്‍ വസ്ത്രങ്ങള്‍ അവതരിപ്പിക്കുന്ന ഫാഷന്‍ റൗണ്ട്, ഹരി ആനന്ദ് രൂപകല്‍പ്പന ചെയ്ത വെള്ളയും ക്രീം നിറങ്ങളിലുമുള്ള ഗൗണുകളും സാരികളും അവതരിപ്പിക്കുന്ന അവസാന റൗണ്ട് എന്നിവയാണ് മത്സരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

വിജയിക്ക് 'സര്‍ക്ക്‌ലെറ്റ് ഓഫ് എലോക്വന്‍സ്', ഒന്നാം റണ്ണറപ്പിന് 'എറ്റേണല്‍ ബ്യൂട്ടി', രണ്ടാം റണ്ണറപ്പിന് 'ബ്യൂട്ടി വിത്ത് എലഗന്‍സ്' എന്നീ സ്ഥാനങ്ങള്‍ ലഭിക്കും. മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ഇന്നര്‍ വോയ്‌സ്, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് ടാലന്റഡ്, മിസ് കണ്‍ജീനിയാലിറ്റി, മിസ് ഫിറ്റ്‌നസ് എന്നീ ഒമ്പത് ഉപശീര്‍ഷകങ്ങളും സമ്മാനിക്കും. വിജയിയെ മന്ത്രി ബിന്ദു കൃഷ്ണ കിരീടം അണിയിക്കും. 

മിസ് കേരളയെ സംബന്ധിച്ചിടത്തോളം സൗന്ദര്യമത്സരം എന്നതിലുപരി യുവതികളുടെ ആത്മവിശ്വാസവും കഴിവുകളും വളര്‍ത്തുന്ന വേദിയാണിതെന്ന് സംഘാടകരായ ഇംപ്രസാരിയോ ഇവന്റ് മാര്‍ക്കറ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഹരീഷ് ബാബു പറഞ്ഞു. 25 വര്‍ഷമായി ഈ യാത്രയുടെ ഭാഗമായ ഇംപ്രസാരിയോ, സ്വന്തം കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച് മുന്നേറാന്‍ യുവതികളെ പ്രചോദിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രെന്‍ഡ്സ് അവതരിപ്പിക്കുന്ന പരിപാടിയില്‍ കേദാരം കോ-സ്പോണ്‍സറാണ്. ജോണ്‍സ് അംബ്രല്ല അസോസിയേറ്റ് പാര്‍ട്ണറായും സേജ് സ്‌കിന്‍ കെയര്‍ പാര്‍ട്ണറായും പ്രവര്‍ത്തിക്കുന്നു. ഗോള്‍ഡ്‌സ് ജിം, ക്രൗണ്‍ പ്ലാസ, സ്റ്റാര്‍ലിറ്റ് സ്യൂട്ട്‌സ്, പൂണോലില്‍ ഡിസൈന്‍സ് തുടങ്ങിയ സ്ഥാപനങ്ങളും വിവിധ മേഖലകളില്‍ പങ്കാളികളാണ്.

മാനസ പ്രകാശ്, ഡോണ മൈക്കിള്‍, റേച്ചല്‍ വര്‍ഗീസ്, ഗോപിക കൃഷ്ണന്‍ യു കെ, അര്‍ഷ അമല്‍, ആന്‍ തെരേസ ലാസര്‍, അതുല്യ അജിത് കുമാര്‍, അഭിചന്ദ്ര ജെ, മൈഥിലി ദിലീപ് എ, അമൃത നായര്‍, മൗറിന്‍ കെ ജിമ്മി, ഗൗരി അജിത്, ദൃശ്യ സൂരജ് എ, ചിന്മയ കൃഷ്ണന്‍, കാജല്‍ ലിബി, മേഘ മരിയ ജോസ്, യമുന കല്യാണി, ഡോ. മേഘ മോനികണ്ഠന്‍, ആന്‍ മരിയ കൊച്ചുമോന്‍, ചിത്രാംബരി പി, റോസി ജോസഫ്, അനുഗ്രഹ മനോജ്, പൃഥ്വി ശ്രീ മേനോന്‍ പി, അഖില ബിനോജ് എന്നിവരാണ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരക്കുന്നത്. പ്രിയങ്ക ഷായാണ് ചീഫ് ഗ്രൂമർ.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img