05:59am 18 October 2026
NEWS
ചൈനീസ് രണ്ടാം സീഡിനെ അട്ടിമറിച്ച് ട്രീസാ–ഗായത്രി സഖ്യം; ഇന്ത്യയ്ക്ക് മെഡൽ ഉറപ്പ്
21/08/2026  03:03 PM IST
nila
ചൈനീസ് രണ്ടാം സീഡിനെ അട്ടിമറിച്ച് ട്രീസാ–ഗായത്രി സഖ്യം; ഇന്ത്യയ്ക്ക് മെഡൽ ഉറപ്പ്

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ട്രീസാ ജോളി–ഗായത്രി ഗോപീചന്ദ് സഖ്യം. വനിതാ ഡബിൾസിൽ ലോക രണ്ടാം റാങ്കുകാരായ ചൈനയുടെ ജിയാ യിഫാൻ–സാങ് ഷുസിയാൻ സഖ്യത്തെ അട്ടിമറിച്ചാണ് ഇന്ത്യൻ താരങ്ങൾ സെമി ഫൈനലിൽ പ്രവേശിച്ചത്. ആദ്യ ഗെയിം കൈവിട്ടതിന് പിന്നാലെ തകർപ്പൻ തിരിച്ചുവരവാണ് ട്രീസയും ഗായത്രിയും നടത്തിയത്.

16–21ന് ആദ്യ ഗെയിം നഷ്ടപ്പെട്ട ഇന്ത്യൻ സഖ്യം രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചെത്തി. 21–15ന് ഗെയിം സ്വന്തമാക്കി മത്സരം സമനിലയിലാക്കിയ ട്രീസ–ഗായത്രി സഖ്യം നിർണായകമായ മൂന്നാം ഗെയിമിലും മികവ് തുടർന്നു. 21–13ന് മൂന്നാം ഗെയിം സ്വന്തമാക്കി സെമി ഫൈനൽ ഉറപ്പാക്കുകയായിരുന്നു.

സെമിയിലെത്തിയതോടെ ഇന്ത്യയ്ക്ക് ലോക ചാമ്പ്യൻഷിപ്പിൽ ഒരു മെഡൽ ഉറപ്പായി. 15 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യൻ വനിതാ ഡബിൾസ് സഖ്യം ലോക ചാമ്പ്യൻഷിപ്പിന്റെ അവസാന നാലിൽ ഇടം നേടുന്നത്. 2011ൽ ജ്വാല ഗുട്ട–അശ്വിനി പൊന്നപ്പ സഖ്യമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. അന്ന് ഇന്ത്യൻ സഖ്യം വെങ്കല മെഡൽ നേടിയിരുന്നു.

ശനിയാഴ്ച നടക്കുന്ന സെമി ഫൈനലിൽ ഒന്നാം സീഡായ ചൈനയുടെ ലിയു ഷെങ്ഷു–ടാൻ നിങ് സഖ്യമാണ് ട്രീസാ–ഗായത്രി സഖ്യത്തിന്റെ എതിരാളികൾ.

മറ്റൊരു സെമി ഫൈനലിൽ മൂന്നാം സീഡായ ദക്ഷിണ കൊറിയയുടെ ബേയ്ക്ക് ഹാ നാ–ലീ സോ ഹീ സഖ്യം എട്ടാം സീഡായ ചൈനയുടെ ലി യിജിങ്–ലു സുമിൻ സഖ്യത്തെ നേരിടും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img