06:46pm 29 April 2026
NEWS
അമ്മയെയും കുഞ്ഞിനെയും വേർപിരിക്കാത്ത ചികിത്സാ രീതി; കൊച്ചിയിലെ ആദ്യ മാതൃ-നവജാതശിശു പരിചരണ വിഭാഗം(MNCU) ബർത്ത്‌വില്ലേജിൽ.
29/04/2026  03:59 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അമ്മയെയും കുഞ്ഞിനെയും വേർപിരിക്കാത്ത ചികിത്സാ രീതി; കൊച്ചിയിലെ ആദ്യ മാതൃ-നവജാതശിശു പരിചരണ വിഭാഗം(MNCU) ബർത്ത്‌വില്ലേജിൽ

 

കൊച്ചി: ചികിത്സാ വേളയിൽ അമ്മയെയും നവജാതശിശുവിനെയും വേർപെടുത്തുന്ന രീതിക്ക് വിരാമമിട്ടുകൊണ്ട്  ജില്ലയിലെ ആദ്യത്തെ മാതൃ-നവജാതശിശു പരിചരണ വിഭാഗം(MNCU)  ബർത്ത്‌വില്ലേജിൽ ആരംഭിക്കുന്നു. 2026 മെയ് 5-ന് അന്താരാഷ്ട്ര മിഡ്‌വൈഫറി ദിനത്തിലാണ് ഈ നൂതന സംവിധാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുക. അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയും കുടുംബ കേന്ദ്രീകൃതമായ പരിചരണവും സമന്വയിപ്പിക്കുന്ന ഈ യൂണിറ്റിൽ, ചികിത്സാ വേളയിലുടനീളം അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് കഴിയാൻ സാധിക്കും.

സാധാരണയായി നവജാതശിശുക്കൾക്ക് പ്രത്യേക പരിചരണം ആവശ്യമായി വരുമ്പോൾ എൻ.ഐ.സി.യു (NICU) സൗകര്യത്തിനായി അമ്മമാരിൽ നിന്ന് അവരെ മാറ്റിനിർത്തുകയാണ് പതിവ്. നേരെമറിച്ച്, ബർത്ത്‌വില്ലേജിന്റെ MNCU, ലോകാരോഗ്യ സംഘടനയുടെ (WHO) 'ഇമ്മീഡിയറ്റ് കെ എം സി' പഠനത്തിലെ കണ്ടെത്തലുകളോട് ചേർന്നുനിൽക്കുന്നതാണ്. ലെവൽ 2 ചികിത്സാരീതികൾക്കൊപ്പം തന്നെ, നവജാതശിശുക്കളുടെ ആരോഗ്യപുരോഗതിയിൽ അമ്മയുടെ സാന്നിധ്യവും നിരന്തരമായ ശാരീരിക സമ്പർക്കവും (skin-to-skin contact) അത്യന്താപേക്ഷിതമാണെന്ന് ഇത് അടിവരയിടുന്നു.

കുഞ്ഞിന് ചികിത്സ ആവശ്യമായി വരുമ്പോൾ അവരെ അമ്മയിൽ നിന്ന് വേർപെടുത്തുക എന്നത് പലപ്പോഴും അനിവാര്യമായി കരുതാറുണ്ടെന്ന് ബർത്ത്‌വില്ലേജ് സ്ഥാപകയും ഡയറക്ടറുമായ പ്രിയങ്ക ഇടിക്കുള ചൂണ്ടിക്കാട്ടി. എന്നാൽ അമ്മയുടെ സ്പർശനവും ശബ്ദവും മുലപ്പാലുമെല്ലാം വെറും വൈകാരിക പിന്തുണ മാത്രമല്ല, അത് കുഞ്ഞിനുള്ള ക്ലിനിക്കൽ ചികിത്സയുടെ ഭാഗം കൂടിയാണെന്ന് അവർ വ്യക്തമാക്കി.

കുഞ്ഞിനെ അമ്മയുടെ നെഞ്ചോട് ചേർത്തുനിർത്തുന്ന രീതി (Skin-to-skin contact) കുഞ്ഞിന്റെ ഹൃദയമിടിപ്പ്, ശരീരതാപനില, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ സാധാരണ നിലയിലാക്കാൻ അത്യാധുനിക യന്തഗ്രങ്ങൾ മാത്രം ഉപയോഗിക്കുന്നതിനേക്കാൾ ഫലപ്രദമായി സഹായിക്കുമെന്ന് ചീഫ് പീഡിയാട്രീഷ്യൻ ഡോ. ഐജോ ജോയ് പറഞ്ഞു. മെഡിക്കൽ ചികിത്സയ്ക്കൊപ്പം തന്നെ അമ്മയുടെ സാമീപ്യം ഉറപ്പാക്കുന്നത് കുഞ്ഞുങ്ങൾ വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുന്നു.

നിരന്തരമായ ബെഡ്‌സൈഡ് മോണിറ്ററിംഗ് സംവിധാനം, 24 മണിക്കൂറും ലഭ്യമായ വിദഗ്ധ ഡോക്ടർമാരുടെ സേവനം, മുലയൂട്ടലിന് പ്രത്യേക സഹായം എന്നിവ ഈ യൂണിറ്റിന്റെ സവിശേഷതകളാണ്. നിർബന്ധിത വേർപിരിയൽ ഒഴിവാക്കുന്നതിലൂടെ പ്രസവാനന്തര ഉത്കണ്ഠ കുറയ്ക്കാനും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.

മെയ് 5-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ അന്ന ലിൻഡ ഈഡൻ മുഖ്യാതിഥിയായിരിക്കും. ആസ്റ്റർ ഹോസ്പിറ്റലിലെ നിയോനറ്റോളജി വിഭാഗം മേധാവി ഡോ. ജോർജ്ജ് ജോസ്, ബർത്ത്‌വില്ലേജ് മെഡിക്കൽ ഡയറക്ടർ ഡോ. ഐജോ ജോയ് എന്നിവർ ചടങ്ങിൽ സംസാരിക്കും. 2008 മുതൽ പ്രസവ ശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്ന ബർത്ത്‌വില്ലേജിന്റെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ പുതിയ സംരംഭം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img