01:00pm 02 November 2026
NEWS
സഹജീവികളോട് കരുണ്യത്തോടെ പെരുമാറുന്നതാണ് ദൈവസ്നേഹവും ഭക്തിയും : മമ്മൂട്ടി
02/11/2026  11:15 AM IST
ചെറുകര സണ്ണിലൂക്കോസ്
സഹജീവികളോട് കരുണ്യത്തോടെ പെരുമാറുന്നതാണ് ദൈവസ്നേഹവും ഭക്തിയും : മമ്മൂട്ടി

 

കരുണയുള്ള മനുഷ്യരെ സൃഷ്ടിച്ച് സഹജീവികളോട് കാരുണ്യത്തോടെ പെരുമാറാനാണ് ദൈവം പറയുന്നതെന്ന് നടൻ മമ്മൂട്ടി. അങ്ങനെ പെരുമാറുന്നതാണ് ദൈവത്തോടുള്ള സ്നേഹവും ഭക്തിയുമെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ 124 -ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള തീർത്ഥാടന വാരാഘോഷ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.സിനിമാതാരം എന്നതിനപ്പുറത്തേക്ക് ഒരു മുൻ​ഗണന എപ്പോഴും തനിക്ക് നൽകുന്നതിൽ മലങ്കരസഭയോടും, പരിശുദ്ധ ബാവാ തിരുമേനിയോടും നന്ദിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു 

മലങ്കരസഭയുടെ സ്നേഹിതനാണ് പത്മഭൂഷൺ മമ്മൂട്ടിയെന്ന് തീർത്ഥാടനവാരാഘോഷ സമാപനം ഉദ്ഘാടനം ചെയ്ത മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. ദൈവം തിരഞ്ഞെടുത്ത മനുഷ്യനാണ്  മമ്മൂട്ടി. അഭിനയ മികവിന് അപ്പുറമുള്ള ആത്മീയ നിറവ് അദ്ദേഹത്തിനുണ്ട് . മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

പരുമല ആശുപത്രിയും മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന സൗജന്യ ക്യാൻസർ ചികിത്സാ പദ്ധതിയായ സുകൃതം 2.0 വേദിയിൽ പ്രഖ്യാപിച്ചു. സ്തനാർബുദം, തൈറോയിഡ് ക്യാൻസർ, പീഡിയാട്രിക് ക്യാൻസർ എന്നിവയ്ക്കുള്ള ചികിത്സ ഉൾപ്പെടുന്നതാണ് പദ്ധതി. പരുമല ആശുപത്രി സി.ഇ.ഒ ഫാ. എം.സി പൗലോസ് പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു. പരിശുദ്ധ കാതോലിക്കാ ബാവാ രചിച്ച മലങ്കര സഭാ ചരിത്ര സ്പന്ദനം എന്ന ​ഗ്രന്ഥം ചടങ്ങിൽ വെച്ച് മമ്മൂട്ടി പ്രകാശനം ചെയ്തു.

നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റോമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. സജി ചെറിയാൻ എം.എൽ.എ,അഡ്വ.വർ​ഗീസ് മാമ്മൻ എം.എൽ.എ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ വെരി.റവ ഫാ.യാക്കോബ് തോമസ് റമ്പാൻ,  പരുമല സെമിനാരി കൗൺസിൽ അം​ഗങ്ങളായ ഫാ.അലക്സാണ്ടർ ഏബ്രഹാം, വെരി.റവ.രാജൻ മാത്യു കോർഎപ്പിസ്കോപ്പാ, ഫാ.മാത്യു ഏബ്രഹാം തലവൂർ, മത്തായി ടി വർ​ഗീസ്, മാത്യു ഉമ്മൻ അരികുപുറം, ജോസ് പുത്തൻപുരയിൽ, മനോജ് പി ജോർജ് പന്നായികടവിൽ, കെയർ ആൻഡ് ഷെയർ വൈസ് ചെയർമാൻ ​ഗീവർ​ഗീസ് യോഹന്നാൻ, മാനേജിം​ഗ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, എക്സിക്യുട്ടീവ് ട്രസ്റ്റി റോയ് എം. മാത്യു മുത്തൂറ്റ്, ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, ജോർജ് സെബാസ്റ്റ്യൻ എന്നിവർ പ്രസം​ഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img