
ദോഹ: മേഖലയിലെ വ്യോമഗതാഗത നിയന്ത്രണങ്ങളെയും യാത്രാ തടസ്സങ്ങളെയും തുടർന്ന് ഈ മാസം നടക്കേണ്ടിയിരുന്ന 'ഖത്തർ ഫുട്ബോൾ ഫെസ്റ്റിവൽ 2026' പൂർണ്ണമായും റദ്ദാക്കിയതായി പ്രാദേശിക സംഘാടക സമിതി അറിയിച്ചു. യുവേഫ (UEFA), കോൺമെബോൾ (CONMEBOL) എന്നിവയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ സംയുക്ത തീരുമാനം.
ലൂസൈൽ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന സ്പെയിൻ - അർജന്റീന ഫിനാലിസിമ ഉൾപ്പെടെയുള്ള എല്ലാ മത്സരങ്ങളും ഇതോടെ ഇല്ലാതായി. ആരാധകർക്കും കളിക്കാർക്കും ഉദ്യോഗസ്ഥർക്കും ഖത്തറിലേക്ക് എത്തുന്നതിനായുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ടൂർണമെന്റ് തന്നെ വേണ്ടെന്നുവെക്കാൻ അധികൃതർ തീരുമാനിച്ചത്.ടിക്കറ്റ് വാങ്ങിയവർക്ക് തുക പൂർണ്ണമായും തിരികെ ലഭിക്കും. പണം നൽകിയ അതേ രീതിയിൽ (Original Payment Method) 30 ദിവസത്തിനുള്ളിൽ തുക അക്കൗണ്ടിലെത്തും. 30 ദിവസത്തിന് ശേഷവും പണം ലഭിക്കാത്തവർ support@tickets.roadtoqatar.qa എന്ന വിലാസത്തിൽ ബന്ധപ്പെടണം.ട്രാവൽ ഏജൻസികൾ വഴി പാക്കേജുകൾ ബുക്ക് ചെയ്ത വിദേശ ആരാധകരെ റീഫണ്ട് നടപടികൾക്കായി ഏജൻസികൾ നേരിട്ട് ബന്ധപ്പെടും.ഭാവിയിൽ യുവേഫയുടെയും കോൺമെബോളിന്റെയും വലിയ ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ സന്നദ്ധമാണെന്നും സംഘാടക സമിതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.roadtoqatar.qa എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.











