11:58pm 12 November 2026
NEWS
അഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ മുഖ്യമന്ത്രിക്ക് ഒരുലക്ഷം രൂപയുടെ കട്ടിൽ വാങ്ങിയിട്ടില്ല; ഓഡിറ്റ് റിപ്പോർട്ടിൽ തെറ്റിദ്ധാരണകളെന്നും ദേവസ്വം ബോർഡ്
14/02/2026  01:40 PM IST
nila
 അഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ മുഖ്യമന്ത്രിക്ക് ഒരുലക്ഷം രൂപയുടെ കട്ടിൽ വാങ്ങിയിട്ടില്ല; ഓഡിറ്റ് റിപ്പോർട്ടിൽ തെറ്റിദ്ധാരണകളെന്നും ദേവസ്വം ബോർഡ്

തിരുവനന്തപുരം: അഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിനെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങൾക്ക് വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തെത്തി. ഹൈക്കോടതിയിൽ സ്‌പെഷൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിലെ വരവ്-ചെലവ് കണക്കുകളിൽ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബോർഡ് അറിയിച്ചു.

മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ ഒരു ലക്ഷം രൂപ ചെലവഴിച്ചതായി പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബോർഡ് വ്യക്തമാക്കി. പമ്പയിലെ ഗസ്റ്റ് ഹൗസിന്റെ നവീകരണത്തിനായി വിവിധ ഉപകരണങ്ങൾ വാങ്ങാൻ 3,83,439 രൂപ വകയിരുത്തിയതാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. ഇത് മുഖ്യമന്ത്രിക്കായി പ്രത്യേകം കട്ടിൽ വാങ്ങിയെന്ന രീതിയിൽ വ്യാഖ്യാനിച്ചതാണ് തെറ്റിദ്ധാരണയെന്ന് ബോർഡ് പറഞ്ഞു. ഗസ്റ്റ് ഹൗസിലേക്ക് വാങ്ങുന്ന സാധനങ്ങൾ ദേവസ്വം ബോർഡിന്റെ സ്വത്താണെന്നും വ്യക്തിഗത ഉപയോഗത്തിനല്ലെന്നും വ്യക്തമാക്കുന്നു.

സംഗീതാവിഷ്‌കാര ചെലവ്: പിശകുണ്ടായി 

സംഗമത്തിന്റെ ഉദ്ഘാടന ഭാഗമായി ഭജന അവതരിപ്പിക്കാനായി ആദ്യം നന്ദഗോവിന്ദം ഭജൻസ് സംഘത്തെ സമീപിച്ചെങ്കിലും അവർ പങ്കെടുക്കാനായില്ലെന്ന് ബോർഡ് അറിയിച്ചു. തുടർന്ന് സംഗീതജ്ഞൻ ഇഷാൻ ദേവിന്റെ നേതൃത്വത്തിലുള്ള സംഘം പരിപാടി അവതരിപ്പിച്ചു. 25-ലധികം കലാകാരന്മാരും ടെക്‌നീഷ്യൻമാരും പങ്കെടുത്ത അവതരണത്തിന് താമസം, ഭക്ഷണം, റിഹേഴ്‌സൽ എന്നിവ ഉൾപ്പെടുത്തി ഏകദേശം 8 ലക്ഷം രൂപ ചെലവായി.

ഓഡിറ്റ് റിപ്പോർട്ടിൽ നന്ദഗോവിന്ദം ഭജൻസ് സംഘത്തിന് തുക നൽകിയതായി പരാമർശം വന്നത് ഇവന്റ് മാനേജ്‌മെന്റ് ഏജൻസി സമർപ്പിച്ച രേഖകളിലെ പിശകാണെന്ന് ബോർഡ് വ്യക്തമാക്കി. തുക ഇഷാൻ ദേവിന്റെ അക്കൗണ്ടിലേക്കാണ് നൽകിയതെന്നും ബന്ധപ്പെട്ട രേഖകൾ ഉണ്ടെന്നും അറിയിച്ചു.

ഇവന്റ് മാനേജ്‌മെന്റ് ഏജൻസി നിയമനം

പരിമിതമായ സമയപരിധിക്കുള്ളിൽ പരിപാടി ഏറ്റെടുത്തതിനാൽ, പരിചയസമ്പന്നമായ ഏജൻസിയെ നിയമിക്കേണ്ടിവന്നതായി ബോർഡ് പറഞ്ഞു. കിഫ്ബി എംപാനൽ അംഗീകാരം നേടിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനെയാണ് ഇവന്റ് മാനേജ്‌മെന്റ് ചുമതല നൽകിയതെന്ന് വിശദീകരിച്ചു.

സംഗമത്തിനായി ധനലക്ഷ്മി ബാങ്കിൽ പ്രത്യേക അക്കൗണ്ട് തുറന്ന് 5 കോടി രൂപ നിക്ഷേപിച്ചു. അതിൽ നിന്ന് 3 കോടി രൂപ അഡ്വാൻസായി ഏജൻസിക്ക് നൽകി. കൂടാതെ ഹോട്ടൽ താമസച്ചെലവും ജിഎസ്ടി തുകയും പ്രത്യേകം നൽകിയതായും ബോർഡ് വ്യക്തമാക്കി.

സ്‌പോൺസർഷിപ്പ് തുകയും അക്കൗണ്ട് വിശദീകരണവും

ഇതുവരെ ലഭിച്ച സ്‌പോൺസർഷിപ്പ് തുക 3 കോടിയാണെന്ന് ബോർഡ് അറിയിച്ചു—ധനലക്ഷ്മി ബാങ്കിൽ നിന്ന് 2 കോടി രൂപയും കേരള ബാങ്കിൽ നിന്ന് 1 കോടി രൂപയും. ഇതിന് പുറമെ അദാനി ഗ്രൂപ്പ് 1 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലഭിച്ച തുക ദേവസ്വം ബോർഡിന്റെ ജനറൽ ഫണ്ടിൽ നിക്ഷേപിച്ചുവെന്നും, പ്രത്യേക അക്കൗണ്ടിൽ പലിശയുൾപ്പെടെ 1.74 കോടി രൂപ ശേഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ദേവസ്വം ഫണ്ടിൽ നിന്നെടുത്ത തുക തിരികെ നിക്ഷേപിച്ചിട്ടില്ലെന്ന ആരോപണം തെറ്റാണെന്നും ബോർഡ് പറഞ്ഞു.

ഭക്ഷണച്ചെലവ് സംബന്ധിച്ച ആരോപണം തള്ളി

സംഗമദിവസങ്ങളിൽ കണക്കിൽ കാണിച്ചതിനേക്കാൾ കൂടുതൽ ആളുകൾക്ക് ഭക്ഷണം നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബോർഡ് വ്യക്തമാക്കി. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് പുറമേ ശബരിമല ദർശനത്തിന് എത്തിയ ഭക്തർക്കും പമ്പയിലെ തൊഴിലാളികൾക്കും ഭക്ഷണം നൽകിയതായി വിശദീകരിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടിയിലധികം പേർക്ക് ഭക്ഷണം നൽകിയതായും അറിയിച്ചു.

ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ല

ഹൈക്കോടതി നിർദേശിച്ച സമയപരിധി പാലിക്കേണ്ടതിനാൽ, ചാർട്ടേഡ് അക്കൗണ്ടന്റിന്റെ റിപ്പോർട്ട് വിശദപരിശോധനയ്ക്ക് മുമ്പ് സമർപ്പിക്കേണ്ടി വന്നുവെന്ന് ബോർഡ് സമ്മതിച്ചു. റിപ്പോർട്ടിലെ പിശകുകൾ തിരുത്തി ബില്ലുകളുടെ ആധികാരികത ഉറപ്പാക്കിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളുവെന്നും അറിയിച്ചു. ഈ മാസം 17-ന് ചേരുന്ന ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്ത് അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img