10:28pm 21 October 2026
NEWS
ട്രോമ: നിമിഷങ്ങള്‍ മാറ്റിമറിക്കുന്ന അപകടങ്ങള്‍.
19/10/2026  11:35 AM IST
Health Desk
ട്രോമ: നിമിഷങ്ങള്‍ മാറ്റിമറിക്കുന്ന അപകടങ്ങള്‍

 

ഈ ലോക ട്രോമ ദിനത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനും, സുരക്ഷിതമായി ഇടപെടാനും, ജീവനുകള്‍ രക്ഷിക്കാനും നമുക്ക് പഠിക്കാം. ദിവസവും ജോലിക്കും പഠനത്തിനുമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്ന നമ്മളില്‍ ഭൂരിഭാഗവും സുരക്ഷിതരായി മടങ്ങിയെത്തുന്നു. എന്നാല്‍ ചിലര്‍ക്ക് ആ സാധാരണ ദിവസം നിമിഷങ്ങള്‍ കൊണ്ട് മാറിമറിയാം. റോഡിലുണ്ടാകുന്നൊരു അപകടം, ഗോവണിയില്‍ നിന്നുള്ള വീഴ്ച, അടുക്കളയിലെ പൊള്ളല്‍ അല്ലെങ്കില്‍ ജോലിസ്ഥലത്തെ മുറിവുകള്‍... പെട്ടെന്നൊരു ദിവസം അവ ജീവന് തന്നെ ഭീഷണിയാകുന്ന അടിയന്തര സാഹചര്യങ്ങളായി മാറിയേക്കാം.

ബാഹ്യ ശക്തികള്‍ മൂലം ശരീരത്തിനുണ്ടാകുന്ന പരിക്കുകളെയാണ് വൈദ്യശാസ്ത്രത്തില്‍ 'ട്രോമ' എന്ന് വിളിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടും പ്രതിവര്‍ഷം 44 ലക്ഷത്തോളം ആളുകളാണ് അപകടങ്ങള്‍ മൂലം മരിക്കുന്നത്. റോഡപകടങ്ങള്‍, ഉയരത്തില്‍ നിന്നുള്ള വീഴ്ച, പൊള്ളല്‍, മുങ്ങിമരണം എന്നിവയാണ് ഇതില്‍ പ്രധാനം.

ഒക്ടോബര്‍ 17 ലോക ട്രോമ ദിനമായി ആചരിക്കുമ്പോള്‍, അപകടങ്ങള്‍ തടയുക, കൃത്യസമയത്ത് അടിയന്തര സഹായമെത്തിക്കുക എന്നിവ നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. അപകടത്തില്‍പ്പെട്ട ഒരാളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിലാണ് ഏറ്റവും പ്രസക്തി.

റോഡ് സുരക്ഷ: സ്വയം തുടങ്ങേണ്ട ജാഗ്രത

ചെറുപ്പക്കാര്‍ക്കിടയില്‍ മരണത്തിനും വൈകല്യത്തിനും പ്രധാന കാരണങ്ങളിലൊന്ന് റോഡപകടങ്ങളാണ്. ഇന്ത്യയില്‍ ഇരുചക്രവാഹനങ്ങള്‍ കൂടുതലായതിനാല്‍ ഹെല്‍മറ്റ് ധരിക്കേണ്ടത് അത്യാവശ്യമാണ്. അമിതവേഗത, ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ്, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ എന്നിവ ജീവനുകള്‍ അപകടത്തിലാക്കുന്നു.

· ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും: കൃത്യമായ അളവിലുള്ള ഹെല്‍മറ്റ് തലയില്‍ ഉറപ്പിച്ചു ധരിക്കുക. കാറിലുള്ള എല്ലാവരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണം.
· ശ്രദ്ധ തിരിക്കരുത്: വാഹനമോടിക്കുമ്പോഴും റോഡ് മുറിച്ചുകടക്കുമ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്.
· സഹജീവികളോട് കരുതല്‍: കവലകളിലെ അല്പനേരത്തെ ക്ഷമയില്ലായ്മയോ അപകടകരമായ ഓവര്‍ടേക്കിംഗോ ഒരാളുടെ ജീവിതം തന്നെ തകര്‍ത്തേക്കാം. പിഴ ഒഴിവാക്കാന്‍ മാത്രമല്ല, റോഡിലുള്ള ഓരോ വ്യക്തിയും ആരുടെയൊക്കെയോ പ്രിയപ്പെട്ട കുടുംബാംഗമാണെന്ന ബോധ്യത്തോടെ വേണം വണ്ടിയോടിക്കാന്‍.

അപകടങ്ങള്‍ വീടിനുള്ളിലും സംഭവിക്കാം

റോഡില്‍ മാത്രമല്ല, നമുക്ക് പരിചിതമായ അന്തരീക്ഷത്തിലും വലിയ അപകടങ്ങള്‍ നടക്കാം:
· മുതിര്‍ന്നവര്‍ക്ക് കരുതല്‍: പ്രായമായവരില്‍ വീഴ്ചകള്‍ ഇടുപ്പെല്ല് പൊട്ടുന്നതിനും തലച്ചോറിന് പരിക്കേല്‍ക്കുന്നതിനും കാരണമാകുന്നു. വഴുവഴുപ്പുള്ള ബാത്ത്‌റൂം തറകള്‍, വെളിച്ചക്കുറവുള്ള പടവുകള്‍ എന്നിവ അപകടസാധ്യത കൂട്ടുന്നു. ബാത്ത്‌റൂമുകളില്‍ പിടിവള്ളികള്‍ (Grab bars) ഘടിപ്പിക്കുന്നതും വെളിച്ചം ഉറപ്പാക്കുന്നതും വീഴ്ചകള്‍ തടയും.
· കുട്ടികളുടെ സുരക്ഷ: മരുന്നുകള്‍, ക്ലീനിംഗ് ലോഷനുകള്‍, വിഷവസ്തുക്കള്‍ എന്നിവ കുട്ടികള്‍ക്ക് എത്താത്തിടത്ത് സൂക്ഷിക്കുക. വെള്ളം, തീ, ചൂടുള്ള പാത്രങ്ങള്‍ എന്നിവയ്ക്ക് സമീപം കുട്ടികളെ തനിച്ചാക്കരുത്.
· ജോലിസ്ഥലത്തെ സുരക്ഷ: തൊഴിലിടങ്ങളില്‍ സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാനും മാനദണ്ഡങ്ങള്‍ പാലിക്കാനും ശ്രദ്ധിക്കുക.

ഒരു അപകടം കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യണം?

അപകടം നടന്ന് ആദ്യത്തെ ചില മിനിറ്റുകളില്‍ നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒരു ജീവന്‍ തന്നെ രക്ഷിക്കാനുള്ള ശേഷിയുണ്ട്.
1. സ്വന്തം സുരക്ഷ ഉറപ്പാക്കുക: പായുന്ന വാഹനങ്ങള്‍ക്കിടയിലേക്കോ തീയുള്ള സ്ഥലത്തേക്കോ എടുത്തുചാടരുത്. സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
2. അടിയന്തര സഹായം വിളിക്കുക: അടിയന്തര സേവനങ്ങള്‍ക്കായി 112 ലേക്ക് അല്ലെങ്കില്‍ ആംബുലന്‍സിനായി 108 ലേക്ക് വിളിക്കുക. അപകടം നടന്ന സ്ഥലം, പരിക്കേറ്റവരുടെ എണ്ണം, അവരുടെ അവസ്ഥ എന്നിവ വ്യക്തമായി പറയുക.
3. പരിക്കേറ്റയാളെ പരിശോധിക്കുക: പരിക്കേറ്റയാള്‍ പ്രതികരിക്കുന്നുണ്ടോ എന്ന് നോക്കുക. ശ്വാസമെടുക്കുന്നില്ലെങ്കില്‍ സി.പി.ആര്‍ (CPR) നല്‍കാന്‍ തുടങ്ങുക.
4. രക്തസ്രാവം തടയുക: അമിതമായ രക്തസ്രാവമുണ്ടെങ്കില്‍ വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് മുറിവിനു മുകളില്‍ ശക്തമായി അമര്‍ത്തിപ്പിടിക്കുക.
5. അനാവശ്യമായി അനക്കരുത്: തലയ്‌ക്കോ കഴുത്തിനോ നട്ടെല്ലിനോ പരിക്കുണ്ടെന്ന് സംശയമുണ്ടെങ്കില്‍ ആളെ അനാവശ്യമായി അനക്കരുത്. ബൈക്ക് യാത്രക്കാരുടെ ഹെല്‍മറ്റ് ബലമായി അഴിച്ചുമാറ്റാനോ ഒടിഞ്ഞ കൈകാലുകള്‍ നിവര്‍ത്താനോ ശ്രമിക്കരുത്. ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കരുത്.

കണ്ണില്‍ കാണാത്ത പരിക്കുകള്‍

ബോധമുള്ള, സംസാരിക്കുന്ന ഒരാള്‍ക്ക് പോലും ഗുരുതരമായ ആന്തരിക പരിക്കുകള്‍ ഉണ്ടായേക്കാം. വീഴ്ചയ്‌ക്കോ ശക്തമായ പ്രഹരത്തിനോ ശേഷം ഉണ്ടാകുന്ന ആന്തരിക രക്തസ്രാവം ഉടനടി പുറത്തറിയണമെന്നില്ല. ബോധക്ഷയം, ഛര്‍ദ്ദി, ശ്വാസതടസ്സം, കഠിനമായ വേദന, വിളറിയ ചര്‍മ്മം എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യപരിശോധന തേടണം. പുറമെ മുറിവുകളില്ലെങ്കിലും വലിയ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നതാണ് സുരക്ഷിതം. പൊള്ളലേറ്റാല്‍ 20 മിനിറ്റ് നേരം സാധാരണ വെള്ളം ഒഴിക്കുക. ടൂത്ത് പേസ്റ്റോ എണ്ണയോ പുരട്ടരുത്.

ഗോള്‍ഡന്‍ അവര്‍ (Golden Hour)
ഗുരുതരമായി പരിക്കേറ്റ ഒരാളെ സംബന്ധിച്ച് ആദ്യത്തെ ഒരു മണിക്കൂര്‍ (Golden Hour) വളരെ നിര്‍ണായകമാണ്. അപകടം തിരിച്ചറിയാനും, ഉടനടി ആംബുലന്‍സ് വിളിച്ച് രോഗിയെ ആശുപത്രിയിലെത്തിക്കാനും വൈകുന്ന ഓരോ മിനിറ്റും അപകടസാധ്യത കൂട്ടുന്നു.

അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ പലരും പോലീസിനെയോ നിയമനടപടികളെയോ ഭയന്ന് മടിക്കാറുണ്ട്. എന്നാല്‍ സഹായിക്കുന്നവരെ സംരക്ഷിക്കുന്ന 'ഗുഡ് സമരിറ്റന്‍' (Good Samaritan) നിയമങ്ങള്‍ ഇന്ത്യയിലുണ്ട്. അതിനാല്‍ ഭയപ്പെടാതെ മുന്നോട്ടുവരിക.

ഒരു കൂട്ടായ ഉത്തരവാദിത്തം
ട്രോമ കെയര്‍ എന്നത് ആശുപത്രിയുടെ വാതില്‍ക്കല്‍ നിന്നല്ല തുടങ്ങുന്നത്. അത് ആരംഭിക്കുന്നത് നമ്മള്‍ എടുക്കുന്ന മുന്‍കരുതലുകളില്‍ നിന്നാണ്. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കുക. വേഗത കുറയ്ക്കുക. പ്രഥമശുശ്രൂഷയും സി.പി.ആറും പഠിക്കുക. ഒരു അടിയന്തര സാഹചര്യം ഉണ്ടാകുമ്പോള്‍ ഭയപ്പെടാതെ സഹായിക്കുക.

ഈ ഒക്ടോബര്‍ 17-ന് നമുക്ക് ഒരു പ്രതിജ്ഞയെടുക്കാം: തടയാന്‍ കഴിയുന്ന അപകടങ്ങള്‍ തടയുക, അത്യാഹിത ഘട്ടങ്ങളില്‍ മടിക്കാതെ പ്രവര്‍ത്തിക്കുക. കാരണം ഒരു ജീവന്‍ രക്ഷിക്കുന്നത് നമ്മളില്‍ ആരില്‍ നിന്നും ആരംഭിക്കാം.

Dr. Binu Bright
Consultant and Head of the Department
Emergency Medicine
SUT Hospital, Pattom

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.