
മഹാരാഷ്ട്ര: ബാരാമതി വിമാനത്താവളത്തിൽ സ്വകാര്യ പരിശീലന വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു. ഞായറാഴ്ച ഉച്ചയ്ക്ക് 12.35ഓടെയാണ് റൺവേയ്ക്ക് സമീപം അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
ബാരാമതി വിമാനത്താവളത്തിൽ സമാനമായ അപകടം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമല്ല. മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ട വിമാനാപകടത്തിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം ഉണ്ടായിരിക്കുന്നത്. ജനുവരി 28ന് ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ, അറ്റൻഡന്റ്, ക്യാപ്റ്റൻ സുമിത് കപൂർ, ഫസ്റ്റ് ഓഫീസർ ശംഭവി പഥക് എന്നിവരും അന്നത്തെ അപകടത്തിൽ മരിച്ചിരുന്നു.










