NEWS
പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പരിശീലനം തുടങ്ങി.
23/11/2026 08:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

ഇക്കൊല്ലത്തെ നാലാമത്തെ ബാച്ച് റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സായുധ സേനാ ബറ്റാലിയന് എ.ഡി.ജി.പി. ബല്‍റാം കുമാര്‍ ഉപാധ്യായ നിര്‍വഹിച്ചു. വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ് നിലവില്‍ കേരള പോലീസിലേയ്ക്ക് കടന്നു വരുന്നതെന്നും അവരുടെ അറിവും കഴിവും രാജ്യസേവനത്തിന് ഉതകുംവിധം വിനിയോഗിക്കാനാവണമെന്നും അദ്ദേഹം പറഞ്ഞു. താരതമ്യേന അല്പം ബുദ്ധിമുട്ടുള്ള ജോലിയാണ് പോലീസിലേതെങ്കിലും മനസിന് ഏറ്റവും സംതൃപ്തി തരുന്ന ഒന്നാണ് ഇതെന്ന് ചടങ്ങില്‍ സംസാരിച്ച പരിശീലനവിഭാഗം ഐ.ജി.പി. ഡോ. എസ്. സതീഷ് ബിനോ അഭിപ്രായപ്പെട്ടു. ഏത് സമയത്തും തന്റെ മുന്നിലെത്തുന്ന പരാതിക്കാരെ സഹായിക്കാനുള്ള സഹാനുഭൂതി ഉള്ളവരായിരിക്കണം പോലീസ് ഉദ്യോഗസ്ഥരെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
എസ്.എ.പി. (190), കെ.എ.പി.1 (156), കെ.എ.പി.2 (116), കെ.എ.പി.3 (150), കെ.എ.പി.4 (168), കെ.എ.പി.5 (142), എം.എസ്.പി. (178), കെ.എ.ഡബ്ല്യൂ.പി. (158) എന്നിങ്ങനെ വിവിധ ബറ്റാലിയനുകളിലുള്ള 1,258 പുതിയ പരിശീലനാര്ത്ഥികള്ക്കാണ് പരിശീലനം ആരംഭിച്ചത്.
തൈയ്ക്കാട് പോലീസ് ട്രെയിനിംങ് കോളേജിലെ മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സായുധ സേനാ ബറ്റാലിയന് ഡി.ഐ.ജി. ഡോ. ജെ. ഹിമേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് എസ്.എ.പി കമാണ്ടന്റ് ദീപക് ധന്‍കര്‍ സ്വാഗതവും, വനിതാ ബറ്റാലിയന് കമാണ്ടന്റ് അഞ്ജലി ഭാവന നന്ദിയും പറഞ്ഞു.
പോലീസ് ട്രെയിനിംങ് കോളേജ് പ്രിന്‍സിപ്പല്‍ മൊഹമ്മദ് ഷാഫി .കെ, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, എസ്.എ.പിയില്‍ നിന്നുള്ള പരിശീലകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സംസ്ഥാനത്തെ വിവിധ പോലീസ് ബറ്റാലിയനുകളിലുമുള്ള പരിശീലനാര്ത്ഥികള് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










