01:27am 13 June 2026
NEWS
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; പുതിയ ഐആർസിടിസി വെബ്സൈറ്റ് ജൂലൈ 15-നകം
12/06/2026  03:17 PM IST
NILA
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പം; പുതിയ ഐആർസിടിസി വെബ്സൈറ്റ് ജൂലൈ 15-നകം

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയത്തെ സാങ്കേതിക പ്രശ്നങ്ങളും ക്യാപ്ച തടസ്സങ്ങളും കാരണം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ആശ്വാസവാർത്ത. ഐആർസിടിസിയുടെ പുതിയ വെബ്സൈറ്റ് ജൂലൈ പതിനഞ്ചിനകം പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.

ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് പ്രഖ്യാപനം. ഐആർസിടിസി വെബ്സൈറ്റിലെ ക്യാപ്ച സംവിധാനവും ടിക്കറ്റ് ബുക്കിങ്ങിനിടെയുള്ള സാങ്കേതിക തകരാറുകളും ചൂണ്ടിക്കാട്ടിയ വിദ്യാർത്ഥിയുടെ പരാതിക്ക് പിന്നാലെ മന്ത്രി നേരിട്ട് റെയിൽവേ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് പരിഹാരം തേടി. പുതിയ വെബ്സൈറ്റ് 30 ദിവസത്തിനകം തയ്യാറാക്കാനാകുമോയെന്ന് ഉദ്യോഗസ്ഥനോട് ചോദിച്ച മന്ത്രി, ജൂലൈ 15-ഓടെ അത് യാഥാർഥ്യമാകുമെന്ന് ഉറപ്പുനൽകി.

പ്രത്യേകിച്ച് തത്കാൽ ടിക്കറ്റ് ബുക്കിങ് സമയങ്ങളിൽ സർവർ തകരാറുകളും ഒടിപി ലഭിക്കുന്നതിലെ കാലതാമസവും വർഷങ്ങളായി യാത്രക്കാരുടെ പ്രധാന പരാതികളിലൊന്നാണ്. പുതിയ വെബ്സൈറ്റ് നിലവിൽ വരുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന്റെ ഭൂരിഭാഗവും ഇപ്പോൾ ഓൺലൈൻ വഴിയാണ് നടക്കുന്നത്. ക്രമക്കേടുകൾ തടയുന്നതിനായി കഴിഞ്ഞ വർഷം കോടിക്കണക്കിന് വ്യാജ അക്കൗണ്ടുകൾ റദ്ദാക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തിരിച്ചറിയൽ രേഖകളുടെ നിർബന്ധിത പരിശോധനയും ഇതിനായി നടപ്പാക്കി.

അതേസമയം, റെയിൽവേ ഭക്ഷണ വിതരണ സംവിധാനത്തിലും സാങ്കേതിക നവീകരണം ശക്തമാക്കുകയാണ്. രാജ്യത്തെ 800-ലധികം ഐആർസിടിസി കിച്ചണുകളിൽ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകളിലൂടെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും 24 മണിക്കൂറും നിരീക്ഷിക്കും. ഡൽഹിയിലെ കേന്ദ്ര നിയന്ത്രണ മുറിയിൽ നിന്ന് പ്രവർത്തിക്കുന്ന ഈ സംവിധാനം ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന വിവിധ വീഴ്ചകൾ കണ്ടെത്താൻ സഹായിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img