09:27pm 27 September 2026
NEWS
മൊബൈൽ ഉപയോക്താക്കൾക്ക് ആശ്വാസം; ഇനി കൃത്യം 30 ദിവസത്തെ വാലിഡിറ്റി; ഒപ്പം നമ്മൾ കാത്തിരുന്ന ആ വലിയ മാറ്റവും !
27/09/2026  07:48 PM IST
nila
മൊബൈൽ ഉപയോക്താക്കൾക്ക് ആശ്വാസം; ഇനി കൃത്യം 30 ദിവസത്തെ വാലിഡിറ്റി; ഒപ്പം നമ്മൾ കാത്തിരുന്ന ആ വലിയ മാറ്റവും !

ന്യൂഡൽഹി: പ്രീപെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്ക് ആശ്വാസകരമായ മാറ്റങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ നിർദേശങ്ങൾ. 2026-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ (പതിമൂന്നാം ഭേദഗതി) ചട്ടങ്ങൾ പ്രകാരം ഇനി കൃത്യമായി 30 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതോടെ ഒരു വർഷത്തിൽ 13 തവണ റീചാർജ് ചെയ്യേണ്ടി വന്നിരുന്ന സാഹചര്യം ഒഴിവാക്കി 12 റീചാർജുകളായി കുറയ്ക്കാനാകും.

പുതിയ മാറ്റം സാധാരണ മൊബൈൽ ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകുമെന്ന് രാജ്യസഭാ എം.പി. രാഘവ് ചദ്ദ പ്രതികരിച്ചു. 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകളെ 'പ്രതിമാസ' പ്ലാനുകളായി അവതരിപ്പിച്ചിരുന്നതാണ് ഇതുവരെ ടെലികോം കമ്പനികളുടെ രീതി. ഇതിന്റെ ഫലമായി 12 മാസത്തിനിടെ 13 തവണ വരെ റീചാർജ് ചെയ്യേണ്ട സാഹചര്യം ഉപഭോക്താക്കൾക്ക് ഉണ്ടായിരുന്നു.

30 ദിവസത്തെ കൃത്യമായ വാലിഡിറ്റി ലഭിക്കുന്നതോടെ ഈ അധിക റീചാർജിന്റെ ആവശ്യം ഒഴിവാകും. ഉപഭോക്താക്കളുടെ ആശങ്കകൾ കണക്കിലെടുത്ത് മാർച്ച് 11ന് പാർലമെന്റിൽ താൻ വിഷയം ശക്തമായി ഉന്നയിച്ചിരുന്നതായും രാഘവ് ചദ്ദ പറഞ്ഞു.

ഡേറ്റ വേണ്ടാത്തവർക്ക് പ്രത്യേക പ്ലാനുകളും

ഇന്റർനെറ്റ് ഡേറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കായും പുതിയ നിർദേശത്തിൽ പ്രത്യേക സൗകര്യമുണ്ട്. വോയ്‌സ് കോളുകളും എസ്.എം.എസും മാത്രം ഉൾപ്പെടുന്ന പ്രത്യേക താരിഫ് വൗച്ചറുകൾ നൽകണമെന്ന് ട്രായ് ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇതോടെ ഡേറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്ക് ആവശ്യമില്ലാത്ത ഡേറ്റ പാക്കുകൾക്കായി പണം ചെലവഴിക്കേണ്ട സാഹചര്യം ഒഴിവാകും. വോയ്‌സ് കോളുകളും എസ്.എം.എസും മാത്രം ആവശ്യമായവർക്ക് അവരുടെ ആവശ്യത്തിനനുസരിച്ചുള്ള പ്ലാനുകൾ തിരഞ്ഞെടുക്കാനും സാധിക്കും.

പുതിയ നിർദേശങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യവും താങ്ങാനാവുന്നതുമായ മൊബൈൽ പ്ലാനുകൾ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുമെന്ന് രാഘവ് ചദ്ദ പറഞ്ഞു. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലുള്ളവർക്കും സാധാരണ വരുമാനക്കാരായ ഉപഭോക്താക്കൾക്കും ഇത് സാമ്പത്തികമായി ഗുണകരമാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ച് പുതിയ നിർദേശങ്ങൾ കൊണ്ടുവന്ന കേന്ദ്ര സർക്കാരിനും ട്രായ്ക്കും രാഘവ് ചദ്ദ നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img