
ഹോസ്റ്റൽ മുറിയിൽ ഉറങ്ങുന്നതിനിടെ 12 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. പാമ്പുകടിയേറ്റ മൂന്നു വിദ്യാർഥിനികൾ ചികിത്സയിലാണ്. ജാർഖണ്ഡിലെ ലൊഹാർഡഗ നഗരത്തിലുള്ള സാംസിറ ഹയർ സെക്കൻഡറി റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റൽ മുറിയിൽ രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെ നാല് വിദ്യാർഥിനികൾക്ക് പാമ്പുകടിയേൽക്കുകയായിരുന്നു.
പാമ്പുകടിയേറ്റ ഉടൻ ഹോസ്റ്റലിലുണ്ടായിരുന്ന അധ്യാപിക വിദ്യാർഥിനികളെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ 12 വയസുകാരിയായ വർഷ ഒറോൺ മരിച്ചു. 14 വയസുകാരിയായ മനീഷ കുമാരിയെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരാവസ്ഥയിലുള്ള ഫുൽമാനിയ ഒറോൺ (11), അനിഷ കുമാരി (11) എന്നിവരെ റാഞ്ചിയിലെ റിംസ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് ഹോസ്റ്റലിലെ മറ്റ് വിദ്യാർഥികൾ ഭീതിയിലായി. വിവരം അറിഞ്ഞെത്തിയ രക്ഷിതാക്കളും ബന്ധുക്കളും സ്കൂൾ ഹോസ്റ്റലിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ശാന്തരാക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










