
മലപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു മരണം. തേഞ്ഞിപ്പലം കോഹിനൂറിൽ ഇന്നു പുലർച്ചെ 12 മണിയോടെയാണ് നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് അപകടമുണ്ടായത്. തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഹൗസിൽ ഷഹീദ് (40), ഭാര്യ ഷഹീന, ഷഹീനയുടെ അമ്മാവന്റെ മകൾ ജഹാന (26) എന്നിവരാണ് മരിച്ചത്. കോഴിക്കോടുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ഇവർ.
അപകടസമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. നിയന്ത്രണംവിട്ട കാർ ദേശീയപാത 66ലെ ലോറിത്താവളത്തിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെനേരെ പണിപ്പെട്ട് കാർ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്.
ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലർച്ചെ ഒന്നരയോടെ മൂവരുടെയും മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.











