
നിലമ്പൂരിൽ നവദമ്പതികൾ ജീവനൊടുക്കിയത് നിസ്സാര തർക്കങ്ങളെ തുടർന്നെന്ന് സൂചന. നിലമ്പൂർ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകൻ രാജേഷും(23) ഇയാളുടെ ഭാര്യ അമൃത(18)യുമാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. എരുമമുണ്ട കാനക്കുത്ത് എലിപ്പാറ്റ ബാലകൃഷ്ണന്റെയും തുളസിയുടെയും മകളാണ് അമൃത. ദീർഘനാളത്തെ പ്രണയത്തിന് ശേഷം മൂന്നു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇതിനിടെ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ആദ്യം രാജേഷ് തൂങ്ങിമരിച്ചെന്നും ഇതുകണ്ട അമൃതയും പിന്നാലെ തൂങ്ങുകയായിരുന്നു എന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം നടത്തും.
ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സ്ഥലം സന്ദർശിച്ച ഡിവൈഎസ്പി സാജു കെ. ഏബ്രഹാം പറഞ്ഞു. പൊലീസ് പറയുന്നത് ഇങ്ങനെ: ആദ്യം രാജേഷ് തൂങ്ങിമരിച്ചു. വീടിന് പുറത്ത് ജോലിയിലായിരുന്ന അമൃത അകത്തു ചെന്നപ്പോൾ രാജേഷിനെ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ കണ്ടു. ഉടനെ കയർ അറുത്തു. രാജേഷ് താഴെ വീണു. രാജേഷ് മരിച്ചെന്ന് മനസ്സിലായ അമൃത മുറിയിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങി.
ശബ്ദം കേട്ട് വീട്ടിൽ വന്ന രാജേഷിന്റെ അമ്മ സത്യഭാമ മകൻ നിലത്തു കിടക്കുന്നത് കണ്ടു. അമൃത കയറിൽ തൂങ്ങിയ നിലയായിരുന്നു. സത്യഭാമ രാജേഷിനെ വലിച്ചിഴച്ച് സോഫയിൽ കിടത്തി. അയൽ വീട്ടിലെത്തി വിവരം പറഞ്ഞു. അയൽവാസികൾ എത്തി കയർ അറുത്ത് അമൃതയെ താഴെ കിടത്തി. അടുത്ത വീട്ടിലെ ഡോക്ടർ പ്രാഥമിക ചികിത്സ നൽകി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
2022 മുതൽ രാജേഷും അമൃതയും പ്രണയത്തിലായിരുന്നു. ഇതിനിടെ, അമൃതയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പോത്തുകൽ പൊലീസ് പോക്സോ കേസെടുത്ത് രാജേഷിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് രാജേഷ് ജയിലിലായി. അമൃതയ്ക്ക് പ്രായപൂർത്തിയായ ശേഷം മൂന്നു മാസം മുൻപാണ് ഇവരുടെ വിവാഹം നടത്തിയത്. പന്തൽ നിർമാണ തൊഴിലാളിയായ രാജേഷ് ഇന്നലെ ജോലിക്ക് പോയിരുന്നില്ല.











