
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലിരുന്ന രണ്ടു കുട്ടികൾ മരിച്ചു. പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെ മക്കളായ ആൽഫ്രഡ് (6), എമിലീന (4) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുട്ടികളുടെ മാതാവായ എൽസി (37), മൂത്ത മകൾ അലീന (10), മുത്തശ്ശി ഡെയ്സി (65) എന്നിവർക്കും പൊള്ളലേറ്റിരുന്നു. എൽസിയുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്.
ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു എൽസിയും മക്കളും കയറിയ കാറിൽ തീപിടുത്തമുണ്ടായത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ എൽസി ജോലികഴിഞ്ഞു വീട്ടിലെത്തിയ ശേഷം മക്കളുമായി പുറത്തുപോകാനിറങ്ങിയതാണ്. കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിന്റെ പിൻഭാഗത്തു നിന്നു തീപടരുകയായിരുന്നു എന്നാണ് വിവരം. ബഹളം കേട്ട് ആളുകളെത്തുമ്പോൾ പൊള്ളലേറ്റ കുട്ടികളെ കാറിനു പുറത്തെത്തിച്ചു നിലത്തു കിടത്തിയ നിലയിലായിരുന്നു. എൽസിയുടെ ശരീരത്തിൽ തീ പടർന്നുപിടിച്ചിരുന്നെന്നും സമീപവാസികൾ പറഞ്ഞു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണു മുത്തശ്ശിക്കു പൊള്ളലേറ്റത്. മുത്തശ്ശിയുടെ പരുക്ക് സാരമുള്ളതല്ല. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.











