
ദോഹ: ട്രാഫിക് നിയമലംഘനങ്ങളുടെ വ്യാപ്തിയും ആവർത്തനവും അനുസരിച്ച് ഡ്രൈവിംഗ് ലൈസൻസ് താൽക്കാലികമായും സ്ഥിരമായും റദ്ദാക്കുന്ന പോയിന്റ് സംവിധാനത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കി അധികൃതർ. ഖത്തർ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 92, 93, 100 എന്നിവ അടിസ്ഥാനമാക്കിയാണ് നടപടികൾ സ്വീകരിക്കുന്നത്.ആദ്യ തവണ: ട്രാഫിക് പോയിന്റുകൾ 14 എത്തുമ്പോൾ 3 മാസത്തേക്ക് ലൈസൻസ് റദ്ദാക്കും.
രണ്ടാം തവണ: പോയിന്റുകൾ 12 എത്തുമ്പോൾ 6 മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും.
മൂന്നാം തവണ: പോയിന്റുകൾ 10 എത്തുമ്പോൾ 9 മാസത്തേക്ക് വിലക്ക് ബാധകമാകും.
നാലാം തവണ: പോയിന്റുകൾ 8 എത്തുമ്പോൾ ഒരു വർഷത്തേക്ക് ലൈസൻസ് റദ്ദാക്കും.
അഞ്ചാം തവണ: പോയിന്റുകൾ 6 എത്തുമ്പോൾ ലൈസൻസ് സ്ഥിരമായി റദ്ദാക്കപ്പെടും.
ഈ രീതിയിൽ ലൈസൻസ് സ്ഥിരമായി നഷ്ടപ്പെടുകയാണെങ്കിൽ, ലൈസൻസ് പിൻവലിച്ച തീയതി മുതൽ കുറഞ്ഞത് ഒരു വർഷം കഴിഞ്ഞും, നിശ്ചിത ഡ്രൈവിംഗ് പരീക്ഷ വിജയിച്ച ശേഷവും മാത്രമേ പുതിയ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കൂ. നിയമലംഘനങ്ങൾ ഒന്നും ഇല്ലാതെ ഒരു വർഷം പൂർത്തിയാക്കുകയോ അല്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ നിലവിലുള്ള പോയിന്റുകൾ സ്വയം ഒഴിവാകുന്നതാണ്.കൂടാതെ, അശ്രദ്ധ മൂലമുണ്ടാകുന്ന ഗുരുതര അപകടങ്ങൾ, മരണങ്ങൾ, അല്ലെങ്കിൽ വലിയ നിയമലംഘനങ്ങൾ എന്നിവയിൽ കുറ്റക്കാരാകുന്നവരുടെ ലൈസൻസും വാഹന രജിസ്ട്രേഷനും ഒരു മാസം മുതൽ 6 മാസം വരെ റദ്ദാക്കാൻ കോടതിക്കും അധികാരമുണ്ടായിരിക്കും. തടവുശിക്ഷ അനുഭവിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കൽ കാലാവധി ശിക്ഷ പൂർത്തിയാക്കിയ ശേഷമായിരിക്കും പ്രാബല്യത്തിൽ വരിക.










