
ദോഹ: അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ സ്‌കൂൾ പരിസരങ്ങളിൽ വാഹനമോടിക്കുന്നവർ ട്രാഫിക് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പബ്ലിക് വർക്‌സ് അതോറിറ്റി (അഷ്ഗാൽ) മുന്നറിയിപ്പ് നൽകി. കുട്ടികളെ സ്‌കൂളുകളിൽ കൊണ്ടുവിടുന്നതിനും തിരികെ വിളിച്ചുകൊണ്ടുപോകുന്നതിനുമുള്ള സമയങ്ങളിൽ റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അതോറിറ്റി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.കുട്ടികൾ ബസുകളിൽ കയറുന്ന സമയത്തും ഇറങ്ങുന്ന സമയത്തും തൊട്ടുപിന്നിലുള്ള വാഹനങ്ങൾ പൂർണ്ണമായും നിർത്തിയിടണം. യാതൊരു കാരണവശാലും ഈ സമയങ്ങളിൽ സ്‌കൂൾ ബസുകളെ ഓവർടേക്ക് ചെയ്യാൻ പാടില്ല.കുട്ടികളെ വാഹനങ്ങളിൽ നിന്നിറക്കുമ്പോഴോ കയറ്റുമ്പോഴോ കാൽനടയാത്രക്കാരുടെ പാതകളോ (Sidewalks) പെഡസ്ട്രിയൻ ക്രോസിംഗുകളോ തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനങ്ങൾ നിർത്തരുത്.കുട്ടികൾ നിർദ്ദിഷ്ട പെഡസ്ട്രിയൻ ക്രോസിംഗുകളിലൂടെ (Zebra Crossings) മാത്രമേ റോഡ് മുറിച്ചുകടക്കുന്നുള്ളൂ എന്ന് രക്ഷിതാക്കളും ഡ്രൈവർമാരും ഉറപ്പുവരുത്തണം.വിദ്യാലയങ്ങൾക്ക് സമീപമുള്ള നിർദ്ദിഷ്ട പാർക്കിംഗ് കേന്ദ്രങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക. റോഡിൽ ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള പാർക്കിംഗ് ഒഴിവാക്കണം.സ്‌കൂൾ സോണുകളിലെ വേഗപരിധി മണിക്കൂറിൽ maximum 30 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കുകയും മേഖലയിലെ ട്രാഫിക് സിഗ്നലുകൾ കൃത്യമായി അനുസരിക്കുകയും വേണം.
വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ റോഡ് ഉപയോക്താക്കൾ എല്ലാവരും ട്രാഫിക് വകുപ്പുമായും അഷ്ഗാലുമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.











