
ദോഹ: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് വിദ്യാർഥികളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം ശക്തമാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 'ബാക്ക് ടു സ്കൂൾ' ഫീൽഡ് സന്ദർശനം സംഘടിപ്പിച്ചു. അൽ അൽ അന്ദലുസ് എഡ്യൂക്കേഷണൽ കോംപ്ലക്സിലെ അൽ അന്ദലുസ് പ്രിപ്പറേറ്ററി സ്കൂൾ ഫോർ ബോയ്സിലായിരുന്നു പരിപാടി.
ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജബർ അലി അൽ കുബൈസി, മറ്റ് മുതിർന്ന ട്രാഫിക് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.സ്കൂളിലെ അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുമായി ഉദ്യോഗസ്ഥർ സംവദിച്ചു. തുടര്ന്ന് നടന്ന ബോധവൽക്കരണ ക്ലാസിൽ റോഡ് സുരക്ഷാ നിയമങ്ങൾ, സ്കൂൾ ബസുകളിലെ സുരക്ഷിത യാത്ര, സൈക്കിൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ, ഫുട്പാത്തുകളിലൂടെയുള്ള നടപ്പ്, സുരക്ഷിതമായ റോഡ് മുറിച്ചുകടക്കൽ എന്നിവ വിശദീകരിച്ചു.
വിദ്യാർഥികളിൽ ചെറുപ്പത്തിലേ ട്രാഫിക് ബോധവൽക്കരണം വളർത്തുകയും സ്കൂളിന് അകത്തും പുറത്തും സുരക്ഷിതമായ പെരുമാറ്റരീതികൾ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്രിഗേഡിയർ ജബർ അലി അൽ കുബൈസി വ്യക്തമാക്കി.











